Asianet News MalayalamAsianet News Malayalam

സ്ത്രീയായി ടെക്കിയുടെ ആൾമാറാട്ടം; പറ്റിച്ചത് 13 യുവതികളെ, ലൈം​ഗികമായും ഉപയോ​ഗിച്ചു

ദിലീപ് പ്രസാദ് എന്ന 28കാരനെയാണ് പൊലീസ് കുടുക്കിയത്. 'മോണിക്ക', 'മാനേജർ' എന്നീ അപരനാമങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ ഐടി മേഖലയിൽ ജോലി നൽകാമെന്ന് വ്യാജവാ​ഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Techie poses as woman in Online and trapped 13 woman prm
Author
First Published Feb 4, 2023, 3:48 PM IST

ബെംഗളൂരു: സോഷ്യൽമീഡിയയിൽ സ്ത്രീയായ ആൾമാറാട്ടം നടത്തി യുവതികളെ കബളിപ്പിക്കുകയും ലൈം​ഗികമായി ഉപയോ​ഗിക്കുകയും ചെയ്ത ഐടി ജീവനക്കാരനെ ബെം​ഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ദിലീപ് പ്രസാദ് എന്ന 28കാരനെയാണ് പൊലീസ് കുടുക്കിയത്. 'മോണിക്ക', 'മാനേജർ' എന്നീ അപരനാമങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ ഐടി മേഖലയിൽ ജോലി നൽകാമെന്ന് വ്യാജവാ​ഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 13 യുവതികൾ ഇയാളുടെ കെണിയിൽ വീണെന്നും പൊലീസ് വ്യക്തമാക്കി. 

ഫോട്ടോ ഷെയറിങ് മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചത്. തൊഴിൽരഹിതരോ ജോലി അന്വേഷിക്കുന്നവരോ ആയ സ്ത്രീകളെയാണ് ഇയാൾ ഉന്നമിട്ടത്. 'മോണിക്ക', 'മാനേജർ' എന്നീ പേരിലാണ് ചാറ്റ് ചെയ്തത്. ഐടി മേഖലയിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് ഇയാൾ യുവതികളെ വശീകരിച്ചത്. യുവതികളെ ജോലി വാ​ഗ്ദാനം നൽകി ഹോട്ടൽ മുറികളിൽ എത്തിച്ച് ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു. കൂടാതെ ദൃശ്യങ്ങൾ കാമറയിൽ ചിത്രീകരിക്കുകയും അത് ഉപയോഗിച്ച് അവരെ വീണ്ടും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു. നല്ല ശമ്പളം വാങ്ങുന്ന ജോലിയാണ് ഇയാൾ ചെയ്തിരുന്നതെന്നും പണത്തിനല്ല, ലൈം​ഗിക വൈകൃതത്തിന് വേണ്ടിയാണ് യുവതികളെ കെണിയിലാക്കിയതെന്ന് ഡിസിപി സി കെ ബാബ പറഞ്ഞു. ഐപിസി സെക്ഷൻ 376, ഐടി ആക്ട് 2000 എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. 

ഇയാളുടെ തട്ടിപ്പിനിരയായ യുവതികളിൽ ഒരാൾ ജനുവരി 26 ന് സൈബർ ക്രൈം സെല്ലിനെ സമീപിച്ച് പരാതി നൽകിയിരുന്നു. കൊവിഡ്-19 ലോക്ക്ഡൗൺ കാലത്താണ് തട്ടിപ്പ് നടത്തിയെന്ന് പ്രസാദ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാൽ, ഇയാൾ കോളേജ് കാലം മുതൽക്കേ ഇത്തരം കുറ്റകൃത്യത്തിലേർപ്പെടുന്നുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

സദാചാര ഗുണ്ടായിസം; ദമ്പതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ 2 പൊലീസുകാർക്കെതിരെ നടപടി

ഒരാളെങ്കിലും ഇയാൾക്കെതിരെ പൊലീസിനെ സമീപിച്ചതിൽ സന്തോഷമുണ്ട്. തങ്ങളെ ബാധിക്കുന്ന ഏത് കുറ്റകൃത്യത്തിനും പൊലീസിനെ സമീപിക്കുന്നതിൽ സ്ത്രീകൾക്ക് ആത്മവിശ്വാസമുണ്ടാകണമെന്നും കുറ്റവാളികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും ഡിസിപി കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios