സദാചാര ഗുണ്ടായിസം; ദമ്പതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ 2 പൊലീസുകാർക്കെതിരെ നടപടി
സംപിഗെഹള്ളിയിൽ രാത്രി വീട്ടിലേക്ക് നടക്കുകയായിരുന്ന ദമ്പതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ രണ്ട് കോൺസ്റ്റബിൾമാരെയാണ് പിരിച്ചുവിട്ടത്.

ബെംഗളൂരു: ബെംഗളൂരുവിൽ സദാചാരഗുണ്ടായിസം കാണിച്ച പൊലീസുകാർക്ക് ജോലി പോയി. സംപിഗെഹള്ളിയിൽ രാത്രി വീട്ടിലേക്ക് നടക്കുകയായിരുന്ന ദമ്പതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ രണ്ട് കോൺസ്റ്റബിൾമാരെയാണ് പിരിച്ചുവിട്ടത്. സംപിഗെഹള്ളി പൊലീസ് സ്റ്റേഷനിലെ രാജേഷ്, നാഗേഷ് എന്നീ കോൺസ്റ്റബിൾമാർക്കെതിരെയാണ് നടപടി.
ഡിസംബർ 8-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂട്ടുകാരന്‍റെ പിറന്നാളാഘോഷത്തിന് ശേഷം വീട്ടിലേക്ക് കാൽനടയായി മടങ്ങുകയായിരുന്ന ദമ്പതികളെ ഇവർ ഭീഷണിപ്പെടുത്തുകയായിരുന്നു. കല്യാണം കഴിച്ചതാണോ എന്നും നിങ്ങൾ ഭാര്യയും ഭർത്താവുമാണെന്നതിന് തെളിവ് എവിടെ എന്നും പൊലീസുകാർ ചോദിച്ചു. 11 മണിക്ക് ശേഷം ഈ റോഡിലൂടെ ആർക്കും നടക്കാൻ അനുമതിയില്ലെന്നും പൊലീസുകാർ പറഞ്ഞു. ഇരുവരുടെയും ഫോണുകളും പൊലീസുകാർ പിടിച്ചുവാങ്ങി.
Also Read: 'അത് പൊലീസല്ല' യുവതി-യുവാക്കൾക്ക് നേരെയുണ്ടായ സദാചാര ഗുണ്ടായിസം കേസിൽ ഹോംഗാർഡ് പിടിയിൽ
ഒടുവിൽ ആയിരം രൂപ കൈക്കൂലി വാങ്ങിയാണ് ഇവരെ പൊലീസുകാർ വിട്ടത്. യുവാവ് സംഭവം ട്വിറ്ററിൽ പങ്കുവച്ചതോടെ ആഭ്യന്തരവകുപ്പ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. തുടർന്നാണ് വകുപ്പുതല നടപടിയുടെ ഭാഗമായി രണ്ട് പൊലീസുകാരെ പിരിച്ചുവിടാൻ തീരുമാനിച്ചത്.