ലഖ്നൗ: ലൈംഗികാതിക്രമത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പതിനാറുകാരി നവജാത ശിശുവിനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. ജനിച്ചയുടന്‍ കുട്ടിയെ തറയിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. അമ്മയുടെ സഹായത്തോടെയാണ് കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.

ജനുവരി 31ന് അഴുകിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് വിഷയത്തില്‍ അന്വേഷണ ആരംഭിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.

ജോലിക്ക് നിന്ന വീട്ടിലെ മുപ്പത് വയസുകാരനാണ് കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതെന്ന് ഗോരഖ്പൂർ പൊലീസ് പറഞ്ഞു.  ഇയാളുടെ ഭീഷണിയെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ലൈംഗീകാതിക്രമത്തെ കുറിച്ച് പൊലീസില്‍ പരാതിപ്പെടാതിരുന്നതെന്നും ഇവർ വ്യക്തമാക്കി. 

പ്രതിക്ക് വേണ്ടിയുള്ള തെരച്ചിൽ നടക്കുകയാണെന്നും പോക്‌സോ കുറ്റം ചുമത്തി കേസെടുത്തുവെന്നും പൊലീസ് വ്യക്തമാക്കി. അമ്മയ്ക്കും പെൺകുട്ടിക്കുമെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ ജുവൈനല്‍ ഹോമിലും അമ്മയെ ജില്ലാ ജയിലിലും പ്രവേശിപ്പിച്ചു.

Read Also: 18-ാം വയസില്‍ പ്രണയവിവാഹം, മൂന്ന് വര്‍ഷത്തിനിപ്പുറം മകന്‍റെ ഘാതകി: നാടകീയം ശരണ്യയുടെ ജീവിതം