ദില്ലി: പെൺകുട്ടിയെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ദില്ലി യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർത്ഥിയെ കൗമാരപ്രായക്കാരൻ കുത്തിക്കൊന്നു. ദില്ലി പട്ടേൽ നഗറിലെ പാർക്കിൽ വച്ചാണ് ശുഭം ശ്രീവാസ്തവ് എന്ന ബിരുദ വിദ്യാർത്ഥി കൊല്ലപ്പെട്ടത്. അമൻ എന്ന കൗമാരക്കാരനാണ് കൊലയാളി.

ശ്രീവാസ്‌തവും ഒരു പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. അടുത്തിടെ ഇരുവരും തമ്മിൽ അകന്നു. ഈ പെൺകുട്ടിയെ അമന്റെയൊപ്പം കണ്ടെന്ന് തിങ്കളാഴ്ച സഹപാഠി ശ്രീവാസ്‌തവിനോട് പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള ചിത്രവും സഹപാഠി ശ്രീവാസ്‌തവിന് നൽകി. അന്ന് വൈകിട്ട് ശ്രീവാസ്‌തവും സുഹൃത്തുക്കളായ രണ്ട് പേരും ചേർന്ന് അമനെ മർദ്ദിക്കുകയും പെൺകുട്ടിയുമായുള്ള സൗഹൃദം അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ടു.

ബുധനാഴ്ച വിഷയം ഒത്തുതീർക്കുന്നതിനായി പട്ടേൽ നഗറിലെ റോക് ഗാർഡനിലേക്ക് അമൻ, ശ്രീവാസ്‌തവിനെ വിളിച്ചുവരുത്തി. അമന്റെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ഇവിടെ വച്ച് നടന്ന സംസാരം പിന്നീട് തർക്കമാവുകയും സംഘർഷത്തിലെത്തുകയും ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തൽ.

ശ്രീവാസ്‌തവിനും ഒപ്പമുണ്ടായിരുന്നവർക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ശ്രീവാസ്‌തവ് ആശുപത്രിയിൽ വച്ച് മരിച്ചു. മറ്റ് രണ്ട് പേർ ഇപ്പോഴും ദില്ലിയിലെ ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മകന്റെ പ്രണയബന്ധത്തെ കുറിച്ച് അറിയില്ലെന്നാണ് ശ്രീവാസ്‌തവിന്റെ അച്ഛൻ പറഞ്ഞത്.