Asianet News MalayalamAsianet News Malayalam

കണ്ണൂരില്‍ ക്ഷേത്രത്തില്‍ മോഷണം; സ്വര്‍ണ്ണവും പണവും കവര്‍ന്നു

ജില്ലയിൽ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള കവർച്ച കൂടി വരുന്നതോടെ ഒരേ സംഘമാണോ ഇതിനെല്ലാം പിന്നിലെന്ന് പരിശോധിച്ച് വരികയാണ് പൊലീസ്. ഇന്നലെ രാത്രിയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്.

temple theft in kannur
Author
Payyannūr, First Published Jul 16, 2020, 10:59 PM IST

കണ്ണൂര്‍: കണ്ണൂർ ചെറുപുഴ പാടിയോട്ടുചാൽ അയ്യപ്പക്ഷേത്രത്തിൽ നിന്ന് രണ്ടര പവൻ സ്വർണവും പണവും കവർന്നു. ഫിംഗർപ്രിന്‍റ് അടക്കമുള്ള തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. ജില്ലയിൽ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള കവർച്ച കൂടി വരുന്നതോടെ ഒരേ സംഘമാണോ ഇതിനെല്ലാം പിന്നിലെന്ന് പരിശോധിച്ച് വരികയാണ് പൊലീസ്.

ഇന്നലെ രാത്രിയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്.  പിന്നിലെ വാതിൽ കുത്തിത്തുറന്ന് വിഗ്രഹത്തിൽ ചാർത്തിയിരുന്ന രണ്ടരപവന്‍റെ മാലയും ദേവി പ്രതിഷ്ഠയിലുണ്ടായിരുന്ന അരപ്പവന്‍റെ താലിയും കവർന്നു. ക്ഷേത്രത്തിനകത്തെ എട്ട് ഭണ്ഡാരവും കുത്തിപ്പൊളിച്ചു. ഇതിൽ നിന്ന് മൂവായിരം രൂപ നഷ്ടമായി. രാവിലെ മേൽശാന്തി ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് കവർച്ച നടന്നതായി മനസിലായത്.

വിവരം അറിഞ്ഞ് ചെറുപുഴ സിഐയും സംഘവും സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ഡോഗ് സ്ക്വാഡും വിരളടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു. കഴിഞ്ഞ മാസം ചെറുപുഴ, പയ്യന്നൂർ മേഖലകളിൽ നാലിടത്ത് മോഷണം നടന്നിരുന്നു. പെരിങ്ങോം ഭാഗത്ത് വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർ‍ന്നു.

പരിയാരത്ത് ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് പണം മോഷ്ടിച്ചു. മാതമംഗലത്ത് കാലിയാർ ശിവക്ഷേത്രത്തിലും ബസാറിലെ മൂന്ന് കടകളിലും കവർച്ച നടന്നു. ഇവിടങ്ങളിൽ നിന്ന് കിട്ടിയ വിരലടയാളവും ചെറുപുഴ ക്ഷേത്രത്തിൽ നിന്ന് കിട്ടയതും തമ്മിൽ ഒത്തുനോക്കുകയാണ് പൊലീസ്. ലോക്ഡൗണിന് ശേഷം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുളള കവ‍ർച്ച ജില്ലയിൽ കൂടി വരികയാണ്. 

Follow Us:
Download App:
  • android
  • ios