പ്രതികള്‍ മോഷ്ടിക്കുന്നത് വിഭാസ് കണ്ടതാണ് കൊലപാതകത്തിന് കാരണമെന്ന് ക്രൈബ്രാഞ്ച് വ്യക്തമാക്കി.
കോഴിക്കോട്: കൊലപാതക കേസിലെ പ്രതിയെ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാവൂരിലെ വിഭാസ് കൊലക്കേസിലെ പ്രതി അനന്ദനെയാണ് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടിയത്. തമിഴ്നാട്ടിലെ ഉദുമല്‍പേട്ടിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
2007 ഫെബ്രുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. 9 പേരാണ് കേസില്‍ ഉള്‍പ്പെട്ടത്. ഇവര്‍ മോഷ്ടിക്കുന്നത് വിഭാസ് കണ്ടതാണ് കൊലപാതകത്തിന് കാരണമെന്ന് ക്രൈബ്രാഞ്ച് വ്യക്തമാക്കി. മാവൂരിലെ വീട്ടില്‍ നിന്നും വിഭാസിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മാവൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലില്‍ 2007 ഫെബ്രുവരി ആറിന് മാവൂർ റയോൺസിന്റെ കിണറ്റില്‍ നിന്നും വിഭാസിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വിഭാസിനെ കൊന്ന് മാവൂർ റയോൺസിന്റെ കിണറ്റിൽ തള്ളുക ആയിരുന്നുവെന്നും പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ഏഴു പേരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കേസില്‍ ഉള്‍പ്പെട്ട കുമാർ എന്നയാളെ ഇനിയും പിടികൂടാനുണ്ട്.
