കണ്ണൂർ സ്വദേശിനിയായ യുവതിയെ കൊച്ചിയിലെ ഫ്ളാറ്റിൽ പൂട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതിയെ പിടികൂടതെ പോലീസിൻ്റെ ഒളിച്ചുകളി. 

കൊച്ചി: കണ്ണൂർ സ്വദേശിനിയായ യുവതിയെ കൊച്ചിയിലെ ഫ്ളാറ്റിൽ പൂട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതിയെ പിടികൂടതെ പോലീസിൻ്റെ ഒളിച്ചുകളി. പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ തൻ്റെ നഗ്ന വീഡിയൊ ചിത്രീകരിച്ചെന്നും, കടുത്ത മർദനവും, ലൈംഗീക പീഡനവും ഏൽപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി. കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തെങ്കിലും പോലീസ് തുടർ നടപടി സ്വീകരിച്ചില്ല

കണ്ണൂർ സ്വദേശിനിയായ യുവതിക്കാണ് കൊച്ചിയില്‍ ക്രൂരമായ പീഡനവും, ലൈംഗീകാക്രമണവും നേരിടേണ്ടി വന്നത്. കഴിഞ്ഞ വർഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ തൃശ്ശൂർ സ്വദേശി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനൊപ്പം താമസിക്കാന്‍ തുടങ്ങിയത്. മാർട്ടിൻ്റെ കൊച്ചിയിലെ ഫ്ളാറ്റിലായിരുന്നു താമസം.

ഇതിനിടെ കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിക്കുയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. നഗ്ന വീഡിയൊ ചിത്രീകരിച്ചു. ബന്ധത്തിൽ നിന്ന് പിൻമാറാൻ ശ്രമിച്ചതും മാർട്ടിനെ പ്രകോപിപ്പിച്ചു.

ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവതി രക്ഷപ്പെട്ടോടി പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ബലാത്സംഗ മടക്കമുള്ള വകുപ്പുകൾ ചുമത്തി മാർട്ടിനെതിരെ പോലീസ് കേസെടുത്തെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. പ്രതിയുടെ ഉന്നത സ്വാധീനമാണ് കാരണം എന്നാണ് ആരോപണം.

കേസിൽ മാർട്ടിൻറെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി.ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രതി ഒളിവിലായതുകൊണ്ടാണ് നടപടി വൈകുന്നതെന്നാണ് പൊലീസിന്‍റെ വിശദീകരണം.