തിരുവനന്തപുരം: ജില്ലയിലെ റൂറൽ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ജീവൻ ജോർജ് ആ റിപ്പോർട്ട് തയ്യാറാക്കിയിരുന്നില്ലെങ്കിൽ കൂടത്തായിയിലെ ആ കൊലപാതക പരമ്പര ഇന്നും രഹസ്യങ്ങളുടെ ഉള്ളറയിൽ വിശ്രമിച്ചേനെ. വെറും സ്വത്ത് തർക്കമെന്ന് പറഞ്ഞ് ഉന്നത ഉദ്യോഗസ്ഥർ എഴുതിത്തള്ളിയ കേസിന്‍റെ ദുരൂഹസ്വഭാവം ഒരു പക്ഷേ, എസ്ഐ ജീവൻ ജോർജിന് മാത്രമാണ് മനസ്സിലായത്. രഹസ്യാന്വേഷണം നടത്തി അദ്ദേഹം തയ്യാറാക്കിയ മൂന്നു പേജുള്ള റിപ്പോർട്ടാണ് കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര പുറത്ത് കൊണ്ടുവരാനിടയാക്കിയത്. 

കൂടത്തായിയിലെ ആറ് മരണങ്ങള്‍ കൊലപാതകങ്ങളാണ്. വെറും സ്വത്തു തർക്കം മാത്രമായി ഇതിനെ പരിഗണിക്കാവില്ല. അസ്വാഭാവിക മരണങ്ങള്‍ സംഭവിച്ചയിടത്തെല്ലാം ജോളിയുടെ സംശയകരമായ സാന്നിധ്യമുണ്ട്. പോസ്റ്റ്‍മോർട്ടം റിപ്പോർട്ടും വ്യാജ ഒസ്യത്തുമെല്ലാം ദുരൂഹത കൂട്ടുന്നതാണ്. അതിനാൽ സമഗ്ര അന്വേഷണം വേണം. മൂന്നു പേജുള്ള റിപ്പോർട്ടിന്‍റെ അവസാനം കോഴിക്കോട് റൂറൽ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ജീവൻ ജോർജ്ജ് ശുപാർശയായി കുറിച്ചത് ഇതാണ്.

25 ദിവസമെടുത്ത് അതീവ രഹസ്യമായിട്ടായിരുന്നു അന്വേഷണം. വ്യാജ ഒസ്യത്തിലും മരണങ്ങളിലും സംശയമുന്നയിച്ച് അമേരിക്കയിലുള്ള റോജോ ഇക്കഴിഞ്ഞ ജൂണിലാണ് കോഴിക്കോട് റൂറൽ എസ്‍പിക്ക് പരാതി നൽകിത്. എസ്‍പി ഈ പരാതി താമരശ്ശേരി ഡിവൈഎസ്‍പിക്ക് കൈമാറി. പലരുടെയും മൊഴിയെടുത്ത ഡിവൈഎസ്‍പി സ്വത്തുതർക്കം മാത്രമെന്ന് പറഞ്ഞ് പരാതി എഴുതിത്തള്ളി. പക്ഷെ പരാതി കണ്ട സ്പെഷ്യൽ ബ്രാഞ്ചിന് സംശയമുണ്ടായി. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പി കെ ഇസ്മയിൽ അന്വേഷണത്തിനായി എസ്ഐ ജീവൻ ജോർജ്ജിനെ ചുമതലപ്പെടുത്തി.

ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സുഹൃത്തിന്‍റെ വാഹനത്തിലായിരുന്നു എസ്ഐ ജീവൻ ജോർജ് പരിശോധനയ്ക്കായി ഇറങ്ങിയത്.  എൻഐടിയിലും കൂടത്തായി, കൂരാച്ചുണ്ട്, കോടഞ്ചേരി, ഓമശ്ശേരി എന്നിവിടങ്ങളിലും പരിശോധന നടത്തി. എല്ലാം പരമരഹസ്യം. വ്യാജ ഒസ്യത്തും, മരണങ്ങളുണ്ടാകുമ്പോഴുള്ള ജോളിയുടെ സാന്നിധ്യവും, റോയിയുടെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ടുമെല്ലാം പുനർവിവാഹവും ചേർത്ത് വായിച്ച സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ഒന്നുറപ്പിച്ചു. സ്വത്തുതർക്കമോ,അസ്വാഭാവിക മരണമോ അല്ല ഇവയൊന്നും. കൊലപാതകങ്ങള്‍ തന്നെയാണ്!

അപ്പോഴേക്കും റൂറൽ എസ്പിയായ കെ ജി സൈമണ്‍ ചുമതലയേറ്റിരുന്നു. റിപ്പോർട്ട് നൽകിയ എസ്ഐയെ എസ്‍പി നേരിട്ട് വിളിച്ച് അനുമോദിച്ചു. കോടഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത 189 /2011 കേസ് ഫയൽ വീണ്ടും തുറക്കാൻ പൊലീസ് തീരുമാനിച്ചു. റോയിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട കേസായിരുന്നു അത്. 

പ്രത്യേക സംഘമുണ്ടാക്കി വിശദമായ അന്വേഷണത്തിന് കണ്ണൂർ റെയ്ഞ്ച് ഐജി സേതുരാമൻ ഉത്തരവിറക്കി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ഹരിദാസിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി രൂപീകരിച്ച സംഘത്തിൽ ജീവൻ ജോർജ്ജിനെയും ഉള്‍പ്പെടുത്തി.

അതീവരഹസ്യമായിട്ടായിരുന്നു പിന്നെ സംഘത്തിന്‍റെ നീക്കം. തെളിവുകള്‍ ഓരോന്നായി ശേഖരിച്ചു. ജോളിയുടെ ഓരോ നീക്കങ്ങളും പരിശോധിച്ചു. ഓരോ ദിവസത്തെയും പുരോഗതി എസ്‍പി കെ ജി സൈമണ്‍  നേരിട്ട് വിലയിരുത്തി. മൃതദഹങ്ങള്‍ വീണ്ടും പോസ്റ്റ്‍മോർട്ടം നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചതോടെയാണ് കേരളം ഞെട്ടിയ കൊലപാതക പരമ്പര പുറം ലോകമറിയുന്നത്. എല്ലാം തുടങ്ങിയത് ആ മൂന്ന് പേജ് റിപ്പോർട്ടിലാണെന്നർത്ഥം.

ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനിടെയുണ്ടായ ചെറിയ വീഴ്ചകളുടെ പേരിൽ സ്ഥാന കയറ്റം നിഷേധിച്ചപ്പോള്‍ ലോക്കൽ പൊലീസിംഗ് ഉപേക്ഷിച്ച് സ്പെഷ്യൽ ബ്രാഞ്ചിലേക്കെത്തിയ ഉദ്യോഗസ്ഥനിൽ നിന്നാണ് കേരള പൊലീസിന്‍റെ തൊപ്പിയിലെ പൊൻതൂവലായ ഒരു കേസിന്‍റെ വിധി നിർണയിക്കപ്പെട്ടതെന്നും യാദൃശ്ചികം.