തൃശ്ശൂര്‍: വിയ്യൂർ ശിവക്ഷേത്രത്തിൽ മോഷണം. ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായാണ് നിഗമനം. ഓട് പൊളിച്ചാണ് കള്ളൻ അകത്ത് കയറിയത്. രാവിലെ അഞ്ച് മണിയോടെ ക്ഷേത്രത്തിലെത്തിയ മേൽശാന്തിയാണ് മോഷണം നടന്ന വിവരം പൊലീസിനെ അറിയിച്ചത്.

ആകെ ഏഴ് ഭണ്ഡാരങ്ങൾ ഉള്ളതിൽ അഞ്ചെണ്ണവും കുത്തിപ്പൊളിച്ച നിലയിലാണ്. ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടിരിക്കുമെന്നാണ് കരുതുന്നത്. നോട്ടുകൾ മാത്രമാണ് കള്ളൻ കൊണ്ടുപോയത്, ചില്ലറ ഉപേക്ഷിച്ചു. കോണി വച്ച് കയറിയ ശേഷം ഓടിളക്കിയാണ് കള്ളൻ അകത്ത് കടന്നത് എന്ന് പൊലീസ് പറഞ്ഞു. 

ക്ഷേത്രത്തിൽ സിസിടിവി ഉണ്ടായിരുന്നില്ല. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ഉടന്‍ ക്ഷേത്രത്തിൽ സിസിടിവി സ്ഥാപിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.