കൊച്ചി: മഴ കനത്തതോടെ പണി ഇല്ലാതായതിനെ തുടർന്ന് മോഷ്‌ടിക്കാനിറങ്ങിയ മധ്യവയസ്‌കൻ കൊച്ചിയിൽ പിടിയിലായി. തിരുവനന്തപുരം വെഞ്ഞാറമൂട് കണ്ണന്തോട് സ്വദേശി റോഡുവിള തടത്തിൽ വീട്ടിൽ കുട്ടപ്പൻ (56) ആണ് എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്.

കലൂർ ജിസിഡിഎ മാർക്കറ്റിൽ കട കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച ഇയാളെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. 20 വർഷം മുൻപ് തിരുവനന്തപുരത്തു നിന്നും എറണാകുളത്തു എത്തിയ ഇയാൾ കലൂർ ബസ് സ്റ്റന്റിലും നോർത്ത് പാലത്തിനടിയിലും ആണ് കിടന്നിരുന്നത്. ഇടക്ക് കൂലിപ്പണിക്ക് പോകുമായിരുന്നു. മഴ കനത്തതോടെ പണി ഇല്ലാതായപ്പോൾ മോഷണത്തിലേക്കു തിരിയുകയായിരുന്നു. 

ഇന്നലെ രാത്രി വൈകിയാണ് ഇയാൾ ജിസിഡിഎ മാർക്കറ്റിൽ എത്തിയത്. കൈയ്യിൽ കരുതിയ ഇരുമ്പ് കമ്പി ഉപയോഗിച്ച് കടയുടെ ഷട്ടറിന്റെ ഒരു താഴു പൊട്ടിച്ചു. എന്നാൽ പൂട്ട് പൊട്ടിക്കുന്ന ശബ്ദം ഇതുവഴി പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം കേട്ടു. പൊലീസ് കടയുടെ അടുത്തേക്ക് ചെല്ലുന്നതു കണ്ട് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസുകാർ പിന്തുടർന്നു പിടികൂടി. 

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ കൂടുതൽ മോഷണം നടത്തിയിട്ടുണ്ടോ എന്ന കാര്യം അന്വഷിച്ചു കൊണ്ടിരിക്കുകയാണ്.