25 ഗ്രാം വരുന്ന തിരുവാഭരണമാണ് പൂജാരി കവർന്നത്. ഇടപ്പള്ളി മാതാരത് ദേവി ക്ഷേത്രത്തിലെ തിരുവാഭരണമാണ് ഇയ‍ാൾ കവർന്നത്.

കൊച്ചി: എറണാകുളത്ത് മുക്കുപണ്ടം പകരം വെച്ച് തിരുവാഭരണം കവർന്ന (Theft) ക്ഷേത്ര പൂജാരി അറസ്റ്റിൽ (Aresst). കണ്ണൂർ അഴീക്കോട് സ്വദേശി അശ്വിൻ ആണ് കൊച്ചിയിൽ അറസ്റ്റിലായത്. 25 ഗ്രാം വരുന്ന തിരുവാഭരണമാണ് പൂജാരി കവർന്നത്. ഇടപ്പള്ളി മാതാരത് ദേവി ക്ഷേത്രത്തിലെ തിരുവാഭരണമാണ് ഇയ‍ാൾ കവർന്നത്. പൂജാരിക്കെതിരെ മറ്റ് മൂന്ന് ക്ഷേത്രം ഭാരവാഹികളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഇയാള്‍ക്കെതിരെ ഐപിസി 408 വകുപ്പ് പ്രകാരം കേസെടുത്തു.

ദേവീ വിഗ്രഹത്തിലെ തിരുവാഭരണത്തിന് മാറ്റ് കുറവുണ്ടോ എന്ന പുതിയ പൂജാരിയുടെ സംശയമാണ് ഇടപ്പള്ളി മാതാരത് ദേവി ക്ഷേത്രത്തിലെ വൻ കൊളളയുടെ ചുരുളഴിച്ചത്. പൂജകൾക്കിടെയാണ് തിരുവാഭരണത്തിന് ചെമ്പിന്‍റെ നിറമാണല്ലോ എന്ന സംശയം പുതിയ പൂജാരിക്ക് ഉണ്ടായത്. അദ്ദേഹം ഇക്കാര്യം ക്ഷേത്ര ഭാരവാഹികളെയും അറിയിച്ചു. ഇതോടെ ക്ഷേത്രം ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. പാലാരിവട്ടം പൊലീസ് തിരുവാഭരണത്തിന്‍റെ മാറ്റ് പരിശോധിച്ചപ്പോൾ തനി സ്വർണ്ണത്തിന് പകരം തനി ചെമ്പ്. അങ്ങനെ അന്വേഷണമായി. ഒടുവിൽ തിരുവാഭരണം മോഷ്ടിച്ച് പകരം ചെമ്പ് മാല വിഗ്രത്തിൽ ചാർത്തിയ മുൻ ക്ഷേത്ര പൂജാരി കൊച്ചിയിൽ നിന്നും പിടിയിലുമായി. 

കഴിഞ്ഞ വർഷം ജോലിയിൽ നിന്ന് പിരിഞ്ഞ് പോയ കണ്ണൂർ സ്വദേശി അശ്വിനാണ് തിരവാഭരണം കവർന്നത്. 
പ്രതിയ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പാലാരവിട്ടത്തെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 25 ഗ്രാമിലേറെ തൂക്കമുള്ള തിരുവാഭരണം കണ്ടെത്തി. പൂജാരി ഇതുകൊണ്ടും പണി നിർത്തിയിരുന്നില്ല. ഈ ക്ഷേത്രത്തിലെ ജോലി അവസാനിപ്പിച്ച ശേഷം അശ്വിൻ പോയത് ഉദയംപേരൂരിലെ ക്ഷേത്രത്തിലേക്കായിരുന്നു. പാലാരവട്ടത്തെ പ്രശ്നം അറിഞ്ഞ് ഉദയംപേരൂരിലെ ക്ഷേത്ര ഭാരവാഹികളും തിരവാഭരണം പരിശോധിച്ചു. നിലവിലുള്ള മുല്ലമൊട്ട് മാലയിൽ മൊട്ടുകൾ കൂടിയതായി കണ്ടെത്തി. തുടർന്നുള്ള പരിശോധനയിൽ ഇതും ചെമ്പാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ മാല ബാങ്കിൽ പണയപ്പെടുത്തിയെന്ന് പ്രതി കുറ്റസമ്മതം നടത്തി. കണ്ണൂർ സ്വദേശിയായ ഇയാൾ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ജോലിക്ക് കയറിയതെന്നും കണ്ടെത്തി.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചു, പൂജാരി അറസ്റ്റിൽ

തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിൽ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതിന് 50 കാരനായ പുരോഹിതൻ അറസ്റ്റിൽ. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോസ്‌കോ) 2012, ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) നിയമം 2000 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യുഎസ് ആസ്ഥാനമായുള്ള ഒരു എൻജിഒയിൽ നിന്നാണ് പരാതി ലഭിച്ചിരിക്കുന്നത്.

യുഎസ് ആസ്ഥാനമായുള്ള എൻജിഒയായ നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്‌സ്‌പ്ലോയിറ്റഡ് ചിൽഡ്രൻ (എൻസിഎംഇസി) ആണ് പരാതി നൽകിയതെന്ന് പൊലീസ് പറഞ്ഞു. എൻസിഎംഇസി ഉള്ളടക്കം കണ്ടെത്തി ഇന്ത്യൻ അധികൃതരെ അറിയിച്ചു. എൻസിഎംഇസിയുടെ പരാതിയെത്തുടർന്ന് തിരുപ്പൂർ പൊലീസ് പ്രതിയുടെ ഐപി വിലാസവും ഫോൺ നമ്പറും ഉപയോഗിച്ച് പ്രതിയെ കണ്ടെത്തി. ജില്ലയിലെ ക്ഷേത്ര പൂജാരി വി.വൈത്യനാഥനാണ് പിടിയിലായത്. ഇയാളെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു.

പോക്സോ ഉൾപ്പെടെ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ക്ഷേത്ര പൂജാരി ഫെയ്സ്ബുക്കിൽ കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ഉള്ളടക്കം അപ്ലോഡ് ചെയ്തിരുന്നതായി പൊലീസ് വ്യക്തമാക്കി.