കഞ്ഞിപ്പുരയുടെ വാതില്‍ തകർത്ത മോഷ്ടാവ് ക്ലാസ് മുറികൾക്ക് മുൻപിൽ നാണയത്തുട്ടുകൾ ഉപേക്ഷിക്കുകയും വിദ്യാർത്ഥികളിരിക്കുന്ന ബെഞ്ചിൽ ചോക്ക് കൊണ്ട് മദ്യക്കുപ്പിയുടെ ചിത്രം വരയ്ക്കുകയും ചെയ്തു. 


കായംകുളം: നഗരത്തില്‍ പൊലീസ് സ്റ്റേഷന് സമീപത്തെ മൂന്ന് സ്കൂളുകളിലും സെന്‍റ് ബേസിൽ മലങ്കര സിറിയൻ കാത്തലിക് പള്ളിയിലും മോഷണം. കായംകുളം എൽ. പി. സ്കൂൾ, ബോയ്സ് ഹൈസ്കൂൾ, യു. പി. സ്കൂൾ എന്നിവിടങ്ങളിലാണ് അലമാര കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണും കവർന്നത്. പള്ളിയിലെ വഞ്ചി കുത്തിത്തുറന്നും പണം കവർന്നു. എൽ. പി. എസിലെ ഓഫീസ് വാതിൽ കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്കൂൾ ബസിന്‍റെ ആർ. സി. ബുക്കും മോഷണം പോയി. 

മേശയിലുണ്ടായിരുന്ന താക്കോലെടുത്ത് അലമാരകൾ തുറന്ന് സാധനങ്ങൾ വലിച്ചുവാരിയിട്ടു. സ്കൂളിന്‍റെ ക്ലാസ് മുറികളുടെയും മറ്റ് റെക്കോഡുകൾ സൂക്ഷിക്കുന്ന അലമാരകളുടെയും താക്കോലുകൾ മോഷ്ടാവ് കൊണ്ടുപോയി. ഗവ. യു. പി. സ്കൂളിൽ ഓഫീസ് മുറിയുടെ വാതിലിന്‍റെ പൂട്ട് അറുത്ത് മാറ്റിയാണ് അകത്ത് കടന്നത്. അലമാര കുത്തിത്തുറന്ന് 19,600 രൂപ കവർന്നു. ഓൺലൈൻ പഠനകാലത്ത് അധ്യാപകർ വിദ്യാർഥികൾക്കായി വാങ്ങിനൽകിയ രണ്ട് മൊബൈൽ ഫോണുകളും ഇവിടെ നിന്ന് മോഷ്ടിച്ചു. കഞ്ഞിപ്പുരയുടെ വാതിലും തകർത്തു. ക്ലാസ് മുറികൾക്ക് മുൻപിൽ നാണയത്തുട്ടുകൾ ഉപേക്ഷിക്കുകയും വിദ്യാർത്ഥികളിരിക്കുന്ന ബെഞ്ചിൽ ചോക്ക് കൊണ്ട് മദ്യക്കുപ്പിയുടെ ചിത്രം വരയ്ക്കുകയും ചെയ്തു. 

ഗവ. ബോയ്സ് ഹൈസ്കൂളിൽ ഓഫീസ് മുറിയുടെ മുൻവാതിൽ പൊളിച്ച് അകത്ത് കടക്കാൻ ശ്രമിച്ചെങ്കിലും ഇതുവഴി അകത്ത് കടക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഓഫീസ് മുറിയിലെ ജനാല കുത്തിത്തുറന്ന് കമ്പിവളച്ച് മോഷ്ടാവ് അകത്ത് കടന്നു. ഇവിടെ അലമാരയിൽ സൂക്ഷിച്ചിരുന്ന 1,100 രൂപയും മോഷ്ടാവ് കവർന്നു. സെന്‍റ് ബേസിൽ മലങ്കര സിറിയൻ കാത്തലിക് പള്ളിയിലെ അൽത്താരയ്ക്ക് സമീപമുള്ള വാതിലിന്‍റെ പാളി കുത്തിയിളക്കി മോഷ്ടാവ് അകത്തുകയറി അലമാരകളും മറ്റും കുത്തിത്തുറന്നു. ഉള്ളിലുണ്ടായിരുന്ന കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു. മൂവായിരം രൂപയോളം ഇവിടെ നിന്ന് നഷ്ടപ്പെട്ടതായി കണക്കുകൂട്ടുന്നു. ഞായറാഴ്ച കാണിക്ക വഞ്ചിയിലെ പണം പള്ളി അധികൃതർ എടുത്തിരുന്നു. അതിന് ശേഷമുള്ള കാണിക്കയാണ് വഞ്ചിയിലുണ്ടായിരുന്നത്. 

ഡിവൈ. എസ്. പി. അലക്സ് ബേബി, സി. ഐ. മുഹമ്മദ് ഷാഫി, എസ്. ഐ. ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിൽ മോഷണം നടന്ന സ്ഥലങ്ങൾ പരിശോധ നടത്തി. ബുധനാഴ്ച രാത്രിയിലാകാം മോഷണം നടന്നതെന്ന് കരുതുന്നു. മോഷണം നടന്ന സ്കൂളുകളും പള്ളിയും അടുത്തടുത്താണ്. രണ്ട് മാസം മുമ്പ് ഇതിന് സമീപത്തെ ഒരു ക്ഷേത്രത്തിലും വിദ്യാഭ്യാസ സ്ഥാപനത്തിലും മോഷണം നടന്നിരുന്നു. നഗരത്തിൽ പൊലീസ് സ്റ്റേഷന് സമീപത്ത് തന്നെയാണ് ഇപ്പോള്‍ മോഷണങ്ങൾ നടന്നിരിക്കുന്നത്.

YouTube video player