ഓട്ടോയില്‍ വന്നിറങ്ങുന്ന നാലംഗ സംഘം മോഷണം നടത്തുന്നത് കൃത്യമായി സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്. ഹോട്ടലിന്‍റെ പരിസരത്ത് കുറച്ച് സമയം, പിന്നെ ഹോട്ടലിന് മുന്നിലെ ഒരു ബാഗുമെടുത്ത് പെട്ടന്ന് മടങ്ങൽ

കൊല്ലം: കൊല്ലത്ത് ഹോട്ടലുകളില്‍ മോഷണം നടത്തുന്ന സംഘങ്ങള്‍ സജീവം. സിസിടിവി ദൃശ്യങ്ങളടക്കം നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന പരാതി ഉയരുകയാണ്. 

കൊല്ലം നഗര ഹൃദയത്തിലെ കാര്‍ത്തിക ഹോട്ടലില്‍ ഓട്ടോയില്‍ വന്നിറങ്ങുന്ന നാലംഗ സംഘം മോഷണം നടത്തുന്നത് കൃത്യമായി സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്. ഹോട്ടലിന് പരിസരത്ത് ഇവർ വളരെ സമയം ചെലവഴിക്കുന്നു. ഹോട്ടലിന് മുന്നിലെ ഒരു ബാഗുമെടുത്ത് വേഗം തിരിച്ച് പോകുന്നു. കാര്‍ത്തിക ഹോട്ടലില്‍ സെക്യൂരിറ്റിയുടെ ഇന്‍റര്‍വ്യൂ ഉണ്ടെന്നറിഞ്ഞ് എത്തിയ സെബാസ്റ്റ്യന്‍റെ ബാഗാണ് മോഷ്ടിച്ചത്.

മോഷ്ടാക്കള്‍ കൊണ്ട് പോയ ബാഗിനകത്ത് 9500 രൂപ, സര്‍ട്ടിഫിക്കറ്റുകള്‍, ആധാറടക്കമുള്ള രേഖകള്‍ എന്നിവയെല്ലാമുണ്ടായിരുന്നു. ഒരാഴ്ചയായി സംഭവം നടന്നിട്ട്. സെബാസ്റ്റ്യൻ മുൻ കയ്യെടുത്താണ് ഹോട്ടലില്‍ നിന്ന് ഈ ദൃശ്യങ്ങള്‍ സംഘടിപ്പിച്ചത്. ദൃശ്യങ്ങളിലുള്ളവരുടെ മുഖം വ്യക്തമല്ലാത്തതിനാല്‍ പ്രതികളെ പിടികൂടാൻ ബുദ്ധിമുട്ടുണ്ടെന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നിന്ന് അറിയിച്ചെന്നാണ് സെബാസ്റ്റ്യൻ പറയുന്നത്.

രേഖകളും പണവും നഷ്ടപ്പെട്ട സെബാസ്റ്റ്യൻ അന്വേഷണം കാര്യക്ഷമമാക്കാൻ കൊല്ലം കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഈ മോഷണ സംഘത്തെക്കുറിച്ചുള്ള പരാതികള്‍ കൊല്ലത്തെ മറ്റ് സ്റ്റേഷനുകളിലും ലഭിച്ചിട്ടുണ്ട്. പക്ഷേ, ഇത് വരെ പിടികൂടാൻ പൊലീസിനായിട്ടില്ല. അതേസമയം, പ്രതികള്‍ ഉടൻ വലയിലാകുമെന്നാണ് പൊലീസിന്‍റെ വിശദീകരണം.