പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന് മുന്നെ നല്ല സമയം തേടി ജോത്സ്യനെ സമീപിച്ച വിവരം പുറത്തറിയുന്നത്. ജോത്സ്യൻ കുറിച്ച് തന്ന സമയത്താണ് മോഷണം നടത്തിയതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
പൂനെ: മഹാരാഷ്ട്രയിൽ വീട്ടിൽ അതിക്രമിച്ച് കയറി ഒരു കോടി രൂപ കവർന്ന കേസിൽ അഞ്ച് മോഷ്ടാക്കളെയും മോഷണത്തിന് സമയം കുറിച്ച് നൽകിയ ജോത്സ്യനെയും പൊലീസ് അറസ്റ്റ് ചെയ്തു. പൂനെയിലെ ബാരാമതിയിലാണ് സംഭവം. നഗരത്തിന് പുറത്ത് താമസിക്കുന്ന ബിസിനസുകാരനായ സാഗർ ഗോഫനെ എന്നയാളുടെ വീട്ടിലാണ് കവർച്ച നടന്നത്.
വീട്ടിൽ അതിക്രമിച്ച് കയറിയ കവർച്ചാ സംഘം സാഗറിനെ അടിച്ച് വീഴ്ത്തി ഭാര്യയെ കെട്ടിയിട്ട് വായിൽ തുണി തിരുകിയ ശേഷം ഒരു കോടിയോളം രൂപ മോഷ്ടിച്ചെന്നാണ് പരാതി. 95 ലക്ഷം രൂപയും 11 ലക്ഷം രൂപയുടെ ആഭരണങ്ങളുമാണ് മോഷ്ടാക്കള്‍ കവർന്നത്. സാഗറിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് മോഷ്ടാക്കള്‍ക്കായി വ്യാപക അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയിലാണ് മോഷ്ടാക്കളായ സച്ചിൻ ജഗ്‌ധാനെ, റെയ്ബ ചവാൻ, രവീന്ദ്ര ഭോസാലെ, ദുര്യോധനൻ എന്ന ദീപക് ജാദവ്, നിതിൻ മോർ എന്നിവർ പിടിയിലാകുന്നത്.
പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന് മുന്നെ നല്ല സമയം തേടി ജോത്സ്യനെ സമീപിച്ച വിവരം പുറത്തറിയുന്നത്. ജോത്സ്യൻ കുറിച്ച് തന്ന സമയത്താണ് മോഷണം നടത്തിയതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് മോഷണത്തിന് സമയം കുറിച്ച് നൽകിയ ജോത്സ്യൻ രാമചന്ദ്ര ചാവയെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മോഷ്ടിക്കപ്പെട്ട പണത്തിൽ 75 ലക്ഷം രൂപ തിരിച്ച് പിടിച്ചതായും പൂനെ റൂറൽ പൊലീസ് അറിയിച്ചു.
Read More : കേരളത്തിൽ 4 ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴ, ശക്തമായ കാറ്റ്; തീരദേശത്തും ജാഗ്രത, പുതിയ മുന്നറിയിപ്പ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തൽസമയം കാണാം- LIVE

