കോഴിക്കോട്: പയ്യോളി ടൗണിലെ പ്രശാന്തി ജ്വല്ലറിയില്‍ പട്ടാപ്പകല്‍ കവര്‍ച്ച. തിങ്കളാ്ച ഉച്ച തിരിഞ്ഞ് മൂന്നരയോടെ രണ്ടംഗ സംഘം ജ്വല്ലറിയില്‍ കയറി സ്വര്‍ണവുമായി കടന്നു കളഞ്ഞു. കണ്ണൂര്‍ ഭാഗത്തേക്ക് രക്ഷപെട്ട പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. രണ്ടര ലക്ഷം രൂപയൂടെ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ജ്വല്ലറി ഉടമകള്‍ പറഞ്ഞു.

ട്രേയിലുള്ള ആഭരണങ്ങള്‍ അടുക്കിവെക്കുകയായിരുന്നു ജ്വല്ലറി ഉടമ പ്രതീഷ്. ഈ സമയം ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ ജ്വല്ലറിക്ക് അകത്തു കയറി സ്വര്‍ണാഭരണം അടങ്ങിയ ട്രേ തട്ടിയെടുത്തു. ബൈക്ക് ഓടിച്ചിരുന്ന രണ്ടാമത്തെയാള്‍ റോഡിന്റെ എതിര്‍ഭാഗത്ത് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് നില്‍ക്കുകയും കൃത്യ സമയത്ത് ജ്വല്ലറിക്ക് മുന്‍പിലെത്തി ട്രേ കൈക്കലാക്കിയയാളെക്കൂട്ടി അതിവേഗതയില്‍ പോവുകയുമായിരുന്നു, ഇവര്‍ കണ്ണൂര്‍ ഭാഗത്തേക്കാണ് പോയതെന്ന് കടയുടമ പറയുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടയുടെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ഉടമയെക്കൂടാതെ ഒരു ജീവനക്കാരന്‍ മാത്രമേ ഈ സമയത്ത് കടയില്‍ ഉണ്ടായിരുന്നുള്ളൂ. താലി, ലോക്കറ്റ് അടങ്ങിയ സ്വര്‍ണാഭരണങ്ങളുമായാണ് സംഘം രക്ഷപ്പെട്ടത്. പ്രതികളില്‍ നിന്ന് വീണു പോയ സിം ഇല്ലാത്ത മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ പയ്യോളി പൊലീസ് കേസെടുത്തു.