തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കായിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന അധ്യാപകനാണ് ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായത്. വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള ബോബി സി ജോസഫ് ആണ്‍കുട്ടികളെ നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നെന്നാണ് വ്യക്തമാകുന്നത്. പരിശീലനത്തിന്‍റെ മറവിലായിരുന്നു പലപ്പോഴും ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

തിരുവനന്തപുരം  കരകുളം വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളിലെ കായികാധ്യാപകൻ ബോബി സി ജോസഫിനെതിരെ പത്തിലധികം വിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. കുട്ടികളുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്താണ് പൊലീസ് ബോബിയെ അറസ്റ്റ് ചെയ്തത്. കരകുളം സ്വദേശിയായ ബോബി ഒളിവിലായിരുന്നു.


സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് കുട്ടികള്‍ അധ്യാപകന്‍റെ പീഡനത്തെക്കുറിച്ച് തുറന്നുപറച്ചില്‍ നടത്തിയത്. കുട്ടികളുടെ വെളിപ്പെടുത്തല്‍ കേട്ടതോടെ അധ്യാപകരും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ഇവര്‍ സംഭവം ചൈല്‍ഡ് ലൈനിലും പൊലീസിലും അറിയിക്കുകയായിരുന്നു. കുട്ടികളെ പരസ്പരം ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യിക്കാനും ബോബി ശ്രമിച്ചിരുന്നതായും വെളിപ്പെടുത്തലുണ്ട്.