തൊടുപുഴ: പെൺകുട്ടിയും സുഹൃത്തും സംസാരിച്ചു നിന്നത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്നംഗം സംഘത്തിലുണ്ടായിരുന്ന അനന്ദു, ശ്യാം ലാൽ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അനന്ദുവിനെയും ശ്യാം ലാലിനെയും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതിനെ തുടർന്നാണ് പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയത്. പെൺകുട്ടിയുടെ സുഹൃത്ത് തൊടുപുഴ അച്ഛൻകാനം സ്വദേശി വിനു, കുത്തേറ്റ മലങ്കര സ്വദേശി ലിബിൻ എന്നിവർ ഇപ്പോഴും ചികിത്സയിലാണ്. 

കുത്താൻ ഉപയോഗിച്ച കത്തി ലിബിന്‍റെ കയ്യിലുണ്ടായിരുന്നതാണെന്നാണ് വിനു ആദ്യം പറഞ്ഞിരുന്നത്. തന്‍റെ നേരെ കത്തി വീശിയപ്പോൾ പിടിച്ചുവാങ്ങി കുത്തിയെന്നായിരുന്നു മൊഴി. എന്നാൽ പൊലീസ് കുടൂതൽ ചോദ്യം ചെയ്തപ്പോൾ മൊഴിമാറ്റി. പെൺകുട്ടിക്കൊപ്പം പഴങ്ങൾ മുറിച്ചു കഴിക്കാനായി കയ്യിൽ കരുതിയതാണ് കത്തിയെന്നാണ് പുതിയ മൊഴി. 

കത്തി വിനുവിന്‍റേതാണെന്ന് പെൺകുട്ടിയും പൊലീസിനോടു പറഞ്ഞിരുന്നു. വിനുവിൻറെ തലക്ക് കല്ലുകൊണ്ടുള്ള ഇടിയേറ്റിട്ടുണ്ട്. സംഭവത്തിൽ മൂന്നംഗ സംഘത്തിനെതിരെ കൊലപാതക ശ്രമം, പട്ടികജാതി പട്ടിക വർഗ്ഗ അതിക്രമം തടയൽ, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

ലിബിൻ തന്‍റെ കയ്യിൽ കടന്നുപിടിച്ചതായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. വിനുവിന്‍റെ പേരിലും കൊലപാതക ശ്രമത്തിനുൾപ്പെടെ കേസെടുത്തിട്ടുണ്ട്. പൊലീസ് കാവലിലാണ് വിനുവും ലിബിനും ചികിത്സയിൽ കഴിയുന്നത്. ആശുപത്രി വിട്ടാൽ ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.