ദില്ലി: കൊലപാതകക്കേസ് റെജിസ്റ്റര്‍ ചെയ്ത് 12 മണിക്കൂറിനുള്ളില്‍ പ്രതികളെ കണ്ടെത്തി ദില്ലി പൊലീസ്. വെള്ളിയാഴ്ച രാവിലെയാണ് സര്‍ഗാര്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്ന് പേരെയാണ് കേസില്‍ പൊലീസ് പിടികൂടിയത്. 

ബുധനാഴ്ചയാണ് അജ്ഞാതരുടെ കുത്തേറ്റ് ദില്ലിയില്‍ ഒരാള്‍ മരിച്ചത്. തെരുവിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് സൗത്ത് വെസ്റ്റ് ഡിസിപി ദേവേന്ദ്ര ആര്യ പറഞ്ഞു. 27കാരനായ മൊനു ത്യാഗിയെന്നയാളാണ് കൊല്ലപ്പെട്ടത്. 

തുടര്‍ന്ന് ശിവ്പുരി കല്ലാഡ്, വെസ്റ്റ് സര്‍ഗര്‍പൂര്‍, എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ രണ്ടുപേരെ പിടികൂടി. രമേശ് എന്ന് ചിത്മല്‍(21), രാഹുല്‍(19) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിലൊരാളില്‍ നിന്ന് പൊലീസ് കൊല്ലപ്പെട്ടയാളുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. 

ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണ് മൂന്നാം പ്രതി സുനില്‍ ശര്‍മ്മ എന്ന കലു (22) വിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഉത്തംനഗര്‍ സ്വദേശിയായ ഇയാളെ വര്‍ദ്ധമാന്‍ പ്ലാസയില്‍ നിന്നാണ് പിടികൂടിയത്. കൊലപാതകത്തിനുപയോഗിച്ച ആയുധവും ഇവിടെനിന്ന് കണ്ടെത്തി. 

പുലര്‍ച്ചെ നാല് മണിയോടെയാണ് ഹന്‍സ് പാര്‍ക്കിലെ ആര്യസമാജ് മന്തിരത്തില്‍ വച്ച് മൂവരും ചേര്‍ന്ന് കൊലപാതകം നടത്തിയത്. തുടര്‍ന്ന് മൂവരും കൊലപ്പെടുത്തിയയാളുടെ പേഴ്സും മൊബൈല്‍ ഫോണും മോഷ്ടിച്ച് സ്ഥലം വിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.