പെരുമ്പാവൂര്‍: പെരുന്പാവൂരിൽ കാർ യാത്രാക്കാരനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. എറണാകുളം സ്വദേശികളായ മിഥുൻ, ആഷിത്ത്, പ്രദീഷ് എന്നിവരാണ് അറസ്റ്റിലായത്. കാറിന് കുറുകെ ചാടിയത് ചോദ്യം ചെയ്തതിനാണ് പ്രതികൾ കാർ യാത്രക്കാരനെ സാരമായി കുത്തിപരിക്കേൽപ്പിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. പെരുന്പാവൂരിൽ നിന്നും എറണാകുളത്തേക്ക് കാറിൽ വരികയായിരുന്ന ഐമുറി സ്വദേശി രാഹുൽ രാജിനെയാണ് പ്രതികൾ മൂവരും ചേർന്ന് കുത്തിപരിക്കേൽപ്പിച്ചത്. രാഹുൽ ഓടിച്ചിരുന്ന കാറിന് മുന്നിലൂടെ അപകടകരമായി റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. 

നടുറോഡിൽ ദീർഘനേരം വാക്ക് തർക്കത്തിലേർപ്പെട്ട പ്രതികൾ കയ്യിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് രാഹുലിനെ കുത്തുകയായിരുന്നു.പിടിയിലായ പ്രതികൾ മുന്പ് കഞ്ചാവ് വിൽപ്പന, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

വൈദ്യ പരിശോധനക്കെത്തിച്ച ഇവരുടെ ദൃശ്യങ്ങളെടുക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തക‌ർക്ക് നേരെ ഇവര്‍ അസഭ്യവർഷം നടത്തി. പെരുന്പാവൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.