വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെപോയ മൂവര്‍ സംഘത്തെ അതി സാഹസികമായാണ് പൊലീസ് പിടികൂടിയത്. കണ്ണൂര്‍ സ്വദേശിനിയായ 19 കാരിയാണ് അറസ്റ്റിലായിട്ടുള്ളത്.

ആലപ്പുഴ ബൈപ്പാസിൽ പൊലീസിന്‍റെ ലഹരി വേട്ടയില്‍ 11 ഗ്രാം എം ഡി എം എയുമായി പെൺകുട്ടിയടക്കം മൂന്നുപേർ പിടിയിലായി. കണ്ണൂർ കൊളവല്ലൂർ കുണ്ടൻചാലിൽ കുന്നേത്തുപറമ്പ് ഹൃദ്യ(19), ഇടുക്കി കഞ്ഞിക്കുഴി ചുങ്കനാനിൽ വീട്ടില്‍ ആൽബിൻ(21), കോതമംഗലം ഇഞ്ചത്തൊട്ടി വട്ടത്തുണ്ടിൽ നിഖിൽ(20)എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ ഉദ്യോഗസ്ഥർക്ക് നേരെ കാർ ഓടിക്കുകയായിരുന്നു ഇവര്‍. പൊലീസ് സംഘം ഓടി മാറിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. 


ഇന്നലെ മൂന്നാറില്‍ ഹാഷിഷ് ഓയിലുമായി ആലപ്പുഴ കളർകോട്, പഴയംപ്പിളളി വീട്ടിൽ ആൽബിൻ ആന്‍റണി (26)യെ ദേവികുളം പൊലീസ് അറസ്റ്റു ചെയതിരുന്നു. മാട്ടുപ്പെട്ടി റോഡിലെ ഫോട്ടോ പോയിന്‍റിൽ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് ബൈക്കിലെത്തിയ ഇയാൾ പിടിയിലായത്. മൂന്നര ഗ്രാം ഹാഷീഷ് ഓയിലാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ഒരു മാസം മുൻപ് ഗോവയിൽ നിന്നുമാണ് ഇത് വാങ്ങിയതെന്നാണ് ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും മനസിലായത്.

ഹൃദയം, ഓര്‍മയുണ്ടോ ഈ മുഖം, ഭീഷ്മ പര്‍വം എന്നീ ചിത്രങ്ങളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറാണ് അറസ്റ്റിലായ ആല്‍ബിന്‍ ആന്‍റണി. എം.ഡി.എം.എ.യും ഹാഷിഷ് ഓയിലുമായി കൊച്ചിയില്‍ നിന്നും കഴിഞ്ഞ ദിവസം ഒരാളെ പിടികൂടിയിരുന്നു. തണ്ടേക്കാട് എം.എച്ച് കവലയിൽ കിഴക്കൻ വീട്ടിൽ നിഷാദ് (25) നെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 5 ഗ്രാം ഹാഷിഷ് ഓയിൽ, 230 മില്ലിഗ്രാം എം.ഡി.എം.എ എന്നിവ കണ്ടെടുത്തു. ലഹരിക്കെതിരെയുള്ള യോദ്ധാവ് ഓപ്പറേഷന്‍റെ ഭാഗമായ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ടാക്സി ഡ്രൈവറായ ഇയാൾ അതിന്‍റെ മറവിലാണ് വിൽപന നടത്തിയിരുന്നത്. 

വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമാണ് പ്രധാനമായും വിൽപ്പന നടത്തിയിരുന്നത്. നിഷാദിന്‍റെ പേരിൽ വണ്ടൻമേട്, അമ്പലമേട് സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസുകളുണ്ട്.