മൈസൂരു: ബെംഗളൂരുവിൽ എഞ്ചിനീയറിങ് വിദ്യാർഥികളെ വഴിയിൽ തടഞ്ഞുവച്ച് ഉപദ്രവിക്കുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വ്യത്യസ്ത മതത്തിൽപ്പെട്ടവരാണെന്ന് പറഞ്ഞാണ് സംഘം വഴിയിൽ തടഞ്ഞുവച്ച് ഉപദ്രവിച്ചതെന്ന് വിദ്യാർഥികൾ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു‌. മൈസൂരിൽനിന്ന് ബെം​ഗളൂരിലേക്ക് ബൈക്കിൽ‌ പോകുന്നതിനിടെയായിരുന്നു സംഭവം.

കൈലാഞ്ചയിലെ എടിഎമ്മിന് സമീപം വിശ്രമിക്കുന്നതിനായി ബൈക്ക് നിർത്തിയപ്പോഴായിരുന്നു ആക്രമി സംഘം ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും വളഞ്ഞത്. വഴിയരികിൽ തടഞ്ഞുവച്ച സംഘം വിദ്യാർഥികളുടെ പേരുവിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇതരമതവിഭാ​ഗത്തിൽപ്പെട്ടവരാണെന്ന് മനസ്സിലാക്കിയ സംഘം പെൺകുട്ടിയെയും ആൺകുട്ടിയെയും രൂക്ഷമായി വിമർശിക്കാൻ തുടങ്ങി. ആണ്‍കുട്ടി ക്രിസ്ത്യാനിയും പെണ്‍കുട്ടി മുസ്ലീമുമാണെന്ന് മനസിലാക്കിയ സംഘം ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിൽ വിവരമറിയിക്കുമെന്നും പണം നൽകണമെന്നും പറഞ്ഞായിരുന്നു വിദ്യാർഥികളെ സംഘം ഭീഷണിപ്പെടുത്തിയത്. ഇതിന് പിന്നാലെ, പെൺകുട്ടിയോട് എടിഎമ്മിൽ കയറി പണം പിൻവലിക്കാനും സംഘത്തിലുള്ളയാൾ ആവശ്യപ്പെട്ടു.

എന്നാൽ, യുവാക്കളുടെ പ്രവൃത്തിയിൽ സംശയം തോന്നിയ നാട്ടുകാർ സ്ഥലത്തെത്തുകയും കാര്യം തിരക്കുകയും ചെയ്തു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും സ്ഥലത്തെത്തി. എന്നാൽ, അതിന് മുമ്പ് മൂന്ന് പേരും സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു. ‌കേസിലെ മുഖ്യപ്രതിയായ സുഹൈൽ എന്നയാളെ ബെം​ഗളൂരുവിലെ മോട്ടിന​ഗറിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് മറ്റ് രണ്ട് പ്രതികളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.