ഇടുക്കി: തേക്കടിയിൽ സ്വകാര്യഹോംസ്റ്റേയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളാണ് മരിച്ചവർ. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് കുമളി പൊലീസ് അന്വേഷണം തുടങ്ങി.

തിരുവനന്തപുരം സ്വദേശി വിഷ്ണുവെന്ന പ്രമോദ്, അമ്മ ശോഭന, ഭാര്യ ജീവ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസമായി പ്രമോദും കുടുംബവും ഈ ഹോംസ്റ്റേയിലാണ് താമസം. കമ്പത്തിനടത്തെ പുതുപ്പെട്ടിയിൽ ജീവയ്ക്ക് സ്ഥലമുണ്ടെന്നും ഇതിന്റെ ഇടപാടിനായാണ് തേക്കടിയിലെത്തിയതെന്നുമാണ് ഹോംസ്റ്റേ ഉടമയോട് പ്രമോദ് പറഞ്ഞിരുന്നത്. 

രാവിലെ ഭക്ഷണം കഴിക്കാൻ കാണാതായപ്പോൾ ഹോംസ്റ്റേ ഉടമ ഇവരുടെ ഡോറിൽ തട്ടി. എന്നാൽ തുറക്കാതായപ്പോൾ ജനൽ പൊട്ടിച്ച് ഉള്ളിലേക്ക് നോക്കിയപ്പോഴാണ് പ്രമോദിനെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി റൂം തുറന്നപ്പോൾ മറ്റ് രണ്ട് പേരെയും കൂടി മരിച്ച നിലയിൽ കണ്ടെത്തി. 

പ്രമോദും, ശോഭനയും തൂങ്ങിയ നിലയിലും, ജീവയുടെ കഴുത്തിൽ ഷാൾ മുറുകി മരിച്ച നിലയിലുമാണ്. ആദ്യ രണ്ട് പേരുടെയും ആത്മഹത്യ തന്നെയെന്ന് പൊലീസ് ഉറപ്പിക്കുന്നു. എന്നാൽ ജീവയുടെ മരണകാരണം സംബന്ധിച്ച് വ്യക്തതയില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ ഇത് പറയാനാവൂ.

പോസ്റ്റുമോർട്ടത്തിനായി മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. ആറ് മാസം മുമ്പാണ് പ്രമോദും ജീവയും വിവാഹിതരായത്. ഇരുവരുടേയും രണ്ടാം വിവാഹമാണ്. പ്രമോദിന്റെ പശ്ചാത്തലം സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി തിരുവനന്തപുരം പൊലീസുമായി ബന്ധപ്പെടും.