തലയ്ക്കും കൈയ്ക്കും വെട്ടേറ്റ ഇവര്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 


മൂന്നാര്‍: ഇടുക്കി വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ ഫ്രൈഡ് റൈസ് വൈകിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഹോട്ടലുടമ അടക്കം മൂന്ന് പേര്‍ക്ക് വേട്ടേറ്റു. മൂന്നാര്‍, സാഗര്‍ ഹോട്ടല്‍ ഉടമ എല്‍ പ്രശാന്ത്, മകന്‍ സാഗര്‍, ഭാര്യ വിനില എന്നിവര്‍ക്കാണ് വേട്ടേറ്റത്. തലയ്ക്കും കൈയ്ക്കും വെട്ടേറ്റ ഇവര്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ എസ് ജോണ്‍പീറ്റര്‍, ജെ തോമസ്, ആര്‍ ചിന്നപ്പരാജ്, ആര്‍ മണികണ്ഠന്‍ എന്നിവരെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്. 

ശനിയാഴ്ച വൈകുന്നേരം മൂന്നാര്‍ ഇക്കാ നഗറില്‍ പ്രവര്‍ത്തിക്കുന്ന സാഗര്‍ ഹോട്ടലില്‍ പ്രദേശവാസിയായ മണികണ്ഠന്‍ ഭക്ഷണം കഴിക്കാന്‍ എത്തിയത്. മണികണ്ഠന്‍ ഫ്രൈഡ് റൈസ് ഓഡര്‍ ചെയ്‌തെങ്കിലും, വിനോദ സഞ്ചാരികള്‍ക്കാണ് ആദ്യം ഭക്ഷണം നല്‍കിയത്. ഇതില്‍ പ്രകോപിതനായ ഇയാള്‍ കൗണ്ടറിലെത്തി ഹോട്ടലുടമയുടെ മകന്‍ സാഗറുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് പുറത്തിറങ്ങിയ ഇയാള്‍, സുഹ്യത്തുക്കളെ വിളിച്ച് വരുത്തി മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. 

അക്രമണത്തെ തുടര്‍ന്ന് ഹോട്ടലില്‍ ഉണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ ചിതറിയോടി. ആക്രമണത്തിന് ശേഷം അവിടെ നിന്നും ഓടി രക്ഷപ്പെട്ട അക്രമികളെ , മൂന്നാര്‍ എസ് എച്ച് ഒയുടെ നേത്യത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ മൂന്നാര്‍ കോളനിയില്‍ നിന്നും പിടികൂടുകയായിരുന്നു. നാല് പേരെ പിടികൂടിയെന്നും കൂട്ടത്തിലുള്ള ഒരാളെ കണ്ടെത്താനുണ്ടെന്നും ഇയാള്‍ ഒളിവിലാകാമെന്നും പൊലീസ് പറയുന്നു. 

കൂറ്റനാട് മോഷണ ശ്രമം പതിവാകുന്നു; കഴിഞ്ഞ ദിവസം വിവാഹ വീട്ടിലും മോഷണ ശ്രമം 

കൂറ്റനാട്: കോതച്ചിറ കൊടവംപറമ്പിൽ പൂഴിക്കുന്നത് ബാലന്‍റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു ബാലന്‍റെ മകളുടെ വിവാഹം നടന്നത്. കല്യാണ ദിവസമായതിനാൽ വീട്ടുകാർ നേരത്ത ഉറങ്ങിയിരിക്കുമെന്ന പ്രതീക്ഷയിലാണ് മോഷ്ടാക്കൾ വീട്ടിലെത്തിയതെന്ന് കരുതുന്നു. വീട്ടിലെ വാതിലുകൾ കുത്തി തുറന്ന് മോഷ്ടാക്കള്‍ അകത്ത് കടന്നെങ്കിലും കാര്യമായിട്ടൊന്നും കൈക്കലാക്കാൻ കഴിഞ്ഞില്ല. 

വീട്ടിലുണ്ടായിരുന്ന ഒരു ഗ്രില്ലിന്‍റെ പൂട്ടുകൾ തകർത്ത മോഷ്ടാക്കള്‍ ഇത് തൊട്ടടുത്ത കിണറിൽ ഉപേക്ഷിച്ചു. മരത്തിന്‍റെ വാതിലുകളും ജനലുകളും കുത്തിപ്പൊളിച്ച് കേടുവരുത്തിയ നിലയിലാണ്. മോഷണ സംഘത്തിൽ ഒന്നിലധികം പേർ ഉള്ളതായി സംശയിക്കുന്നു. കാര്യമായതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു. പുലർച്ചെ രണ്ടരയോടെ ശബ്ദം കേട്ട് വീട്ടുകാർ ഉണര്‍ന്നപ്പോള്‍ കള്ളന്മാർ ഓടി മറയുന്നത് ശ്രദ്ധയിൽപ്പെട്ടു. രാത്രി തന്നെ ചാലിശ്ശേരി പൊലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധിക്കുകയും ചെയ്തു. പൂട്ട് പൊളിച്ചതും, മറ്റ് നാശങ്ങൾ വരുത്തിയതും പൊലീസ് രേഖപ്പെടുത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.