കൊച്ചി: അത്താണി കൊലപാതകക്കേസിലെ പ്രധാന പ്രതികൾ പൊലീസ് പിടിയിലായി. കൊലപാതകം നടത്തിയ മൂന്നംഗ സംഘമാണ് പൊലീസ് പിടിയിലായിരിക്കുന്നത്. വിനു വിക്രമൻ, ഗ്രിൻഡേഷ്, ലാൽ കിച്ചു എന്നിവരാണ് പിടിയിലായത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇവരെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. 

ഈ മാസം പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് തുരുത്തിശ്ശേരി സ്വദേശി ബിനോയിയെ മൂന്നംഗ സംഘം വെട്ടികൊലപ്പെടുത്തിയത്. അത്താണിയിലെ ബാറിൽ നിന്ന് പുറത്തിറങ്ങി നിൽക്കുമ്പോഴാണ് കാറിലെത്തിയ ഗുണ്ടാസംഘം ബിനോയിയെ വെട്ടിയത്. നാട്ടുകാർ നോക്കി നിൽക്കെയായിരുന്നു ആക്രമണം.

അത്താണി ബോയ്‍സ് എന്നറിയപ്പെടുന്ന കുപ്രസിദ്ധ ഗുണ്ടാ സംഘത്തിലെ അംഗമായിരുന്നു കൊല്ലപ്പെട്ട ബിനോയ്‌. ഈ ഗുണ്ടാസംഘത്തിന്‍റെ മുന്‍ തലവനായിരുന്നു 34 -കാരനായ ബിനോയ്. കൊലപാതകശ്രമം, ലഹരിമരുന്ന് കടത്ത്, നിരവധി അതിക്രമങ്ങള്‍ എന്നിങ്ങനെ പ്രദേശവാസികളുടെ സ്ഥിരം തലവേദനയായിരുന്നു 12 പേരടങ്ങുന്ന 'അത്താണി ബോയ്സ്'. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഗില്ലപ്പി എന്നറിയപ്പെടുന്ന ബിനോയ് 'അത്താണി ബോയ്സ്' എന്ന ഗുണ്ടാസംഘത്തിന് രൂപം കൊടുത്തത്.

കൊള്ളയടിച്ച പണം പങ്കുവെക്കുന്നതിലുണ്ടായ തര്‍ക്കം അത്താണി ബോയ്സിലെ അംഗങ്ങള്‍ക്കിടയില്‍ വിള്ളലുകള്‍ ഉണ്ടാക്കി. അതോടെ സംഘത്തിലെ മറ്റുള്ളവരുമായി തെറ്റിപ്പിരിഞ്ഞ് ബിനോയ് പുതിയൊരു ഗുണ്ടാ സംഘത്തിന് രൂപം കൊടുത്തു. രണ്ട് ഗ്യാങ്ങുകളായി പിരിഞ്ഞതോടെ ഇവര്‍ തമ്മിലുള്ള വൈരാഗ്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുവന്നു. തമ്മില്‍ തല്ലിയും അക്രമങ്ങള്‍ നടത്തിയും രണ്ടു സംഘങ്ങളും നാട്ടുകാരുടെ സ്വൈര്യജീവിതം ഇല്ലാതാക്കി. അത്താണി ബോയ്സും ബിനോയിയും തമ്മില്‍ കഴിഞ്ഞ ശനിയാഴ്ചയും തര്‍ക്കമുണ്ടായിരുന്നു. 

ബിനോയിയുടെ കൊലപാതകത്തിലെ മുഖ്യപ്രതിയായ വിനു വിക്രമന്‍റെ ബന്ധുവായ നെടുമ്പാശ്ശേരി സ്വദേശിയെ ബിനോയിയുടെ സംഘാംഗങ്ങൾ ഭീഷണിപ്പെടുത്തിയതാണ് ഞായറാഴ്ച നടന്ന ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. കാപ്പ നിയമപ്രകാരം ജില്ലക്കകത്ത് പ്രവേശിക്കുന്നതില്‍ വിലക്ക് നേരിടുന്നയാളാണ് അത്താണി ബോയ്സിന്‍റെ ഇപ്പോഴത്തെ തലവന്‍ കൂടിയായ വിനു. 

18 കേസുകളാണ് നെടുമ്പാശ്ശേരി, ചെങ്ങമനാട്, നാദാപുരം, കാലടി,അങ്കമാലി, ഞാറയ്ക്കല്‍, വടക്കേക്കര എന്നീ പൊലീസ് സ്റ്റേഷനുകളിലായി ബിനോയിയുടെ പേരിലുള്ളത്. കാപ്പ നിയമപ്രകാരം എറണാകുളം ജില്ലയില്‍ പ്രവേശിക്കുന്നതില്‍ ബിനോയിക്കും വിലക്കുണ്ടായിരുന്നു.