ബെംഗളൂരു: ബെം​ഗളൂരുവിൽ പതിനെട്ടുകാരനെ ഭീഷണിപ്പെടുത്തി മൂന്ന് സ്ത്രീകൾ പണം തട്ടിയെടുത്തതായി പരാതി. കർണാടകയിലെ ചിത്രദുർഗ സ്വദേശിയായ പ്രജ്വൽ ആണ് തട്ടിപ്പിനിരയായത്. തന്റെ കയ്യിൽനിന്ന് 4000 രൂപ സ്ത്രീകൾ തട്ടിയതായി പ്രജ്വൽ പൊലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചു.

സംഭവം നടന്ന ദിവസം രാത്രി 12.30 ഓടെയാണ് ചിത്രദുർഗയിൽ നിന്നും പ്രജ്വൽ ബെംഗളൂരുവിലെ കെഎസ്ആർടിസി സ്റ്റാന്റിലെത്തിയത്. തുടർന്ന് മൈസൂർ റോഡിലെ സാറ്റലൈറ്റ് ബസ്‌സ്റ്റാന്റിലേക്ക് പോകുന്നതിനു വേണ്ടി യുവാവ് ബിഎംടിസി ബസ് സ്റ്റാന്റിലെത്തി. ഇവിടെവച്ച് മൂന്ന് സ്ത്രീകൾ പ്രജ്വലിനെ സമീപിക്കുകയും തങ്ങളെ അനുഗമിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. സ്ത്രീകളുടെ ആവശ്യം പ്രജ്വൽ നിരസിച്ചതോടെ തങ്ങളോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞ് ബഹളം വയ്ക്കുമെന്ന് സ്ത്രീകൾ ഭീഷണിപ്പെടുത്തി.

ഒടുവിൽ അവിടെ നിന്ന് രക്ഷപ്പെടാനായി യുവാവ് തന്റെ കയ്യിലുള്ള പണം സ്ത്രീകൾക്ക് നൽകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.