തൃശൂർ/കൊല്ലം: സംസ്ഥാനത്ത് ഇന്നലെ രാത്രി രണ്ട് ജില്ലകളിലായി രണ്ട് ബാങ്കുകൾ കുത്തിത്തുറന്ന് കവർച്ച നടത്താൻ ശ്രമിച്ചു. കൊല്ലത്ത് ഓച്ചിറയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാഞ്ചിലെ കവർച്ചയ്ക്ക് പിന്നാലെ തൃശൂർ ജില്ലയിൽ കേച്ചേരിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രഞ്ചിലും കവർച്ചാ ശ്രമം നടന്ന വാർത്തയാണ് പുറത്തുവന്നത്. 

ബാങ്ക് തകർത്ത് അകത്തുകടക്കാനുള്ള ശ്രമത്തിനിടെ സൈറൺ കേട്ട് മോഷ്ടാക്കൾ ഓടിയെന്നാണ് വിവരം. തൃശ്ശൂരിൽ ഇന്നലെ രാത്രി 12 മണിക്കാണ് മോഷണ ശ്രമം നടന്നത്. എന്നാൽ സൈറൺ കേട്ട് ബാങ്ക് മാനേജർ സ്ഥലത്തെത്തിയപ്പോൾ കള്ളൻ ഓടിരക്ഷപ്പെടുകയായിരുന്നു. ബാങ്കിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് മാനേജർ വ്യക്തമാക്കി.

തൃശൂർ - കുന്നംകുളം ദേശീയ പാതയോട് ചേർന്നാണ് ഈ ബാങ്ക് സ്ഥിതി ചെയ്യുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. കൊല്ലം ഓച്ചിറയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ശാഖയിലാണ് കവർച്ചാ ശ്രമം നടന്നത്. ബാങ്കിന്റെ ജനൽചില്ലുകൾ തകർത്ത് കമ്പികൾ വളച്ച് അകത്ത് കടന്ന മോഷ്ടാവ് മുഖം മൂടി ധരിച്ച് മുഖം മറച്ചിരുന്നു. ബാങ്കിന് സമീപത്ത് നിന്നും മോഷ്ടാവിന്റേതെന്ന് കരുതുന്ന മോബൈൽഫോണും ആക്സോ ബ്ലെയ്‌ഡും പൊലിസിന് ലഭിച്ചു.

മോഷ്ടാവിന്റെ  സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട്. ബാങ്കിൽ നിന്നും അപായ സൈറൺ മുഴങ്ങിയതിനെ തുടർന്ന് സമീപത്തെ സെക്യൂരിറ്റി ഗാർഡാണ് പൊലീസിനെ വിവരം അറിയിച്ചത്. സൈറൺ മുഴങ്ങിയതോടെ കവർച്ചാ ശ്രമം ഉപേക്ഷിച്ച് കള്ളൻ ഓടിരക്ഷപ്പെട്ടു.