കാണ്‍പൂര്‍: ഉത്തർപ്രദേശിലെ ബുലൻഷെഹറിൽ ഇരുപത് വയസുകാരി റോഡ് അപകടത്തിൽ മരിച്ച സംഭവത്തിൽ ദൂരുഹത. പഠനത്തിൽ മിടുമിടുക്കി. ദാദ്രയിലെ ഗ്രാമത്തിലെ ദരിദ്ര സാഹചര്യത്തിൽ നിന്നും പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉത്തർപ്രദേശിലെ തന്നെ ഉയ‍‍‍ർന്ന മാർക്കോടെ വിജയം. തുടർപഠനത്തിന് നാല് കോടി രൂപയുടെ സ്കോളർഷിപ്പോടെ അമേരിക്കയിലെത്തി നാട്ടുകാരുടെ അഭിമാനമായ സുധീഷാ ഭട്ടിയുടെ അപകടമരണമാണ് ഇപ്പോൾ ചർച്ചയാകുന്നത്. 

ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ ബൈക്കിലെത്തിയ സംഘം പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം നടക്കുകയാണെന്ന് യുപി പൊലീസ് അറിയിച്ചു. 
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് അവധിക്ക് നാട്ടിലെത്തിയതാണ് സുധീഷാ. ഗ്രാമത്തിലെ വീട്ടിൽ നിന്നും ബന്ധുവിന്റെ വീട്ടിലേക്ക് സഹോദരനും അമ്മാവനുമൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. 

അമ്മാവൻ മറ്റൊരു വാഹനത്തിലും സുധീഷാ സ്കൂട്ടറിലുമായിരുന്നു യാത്ര. യാത്രക്കിടെ ബുലൻഷെഹറിൽ സമീപ പ്രദേശത്ത് വച്ച് ബുള്ളറ്റിൽ എത്തിയ സംഘം പെൺകുട്ടിക്ക് മുന്നിലൂടെ അപകടകരമായ രീതി വാഹനം ഓടിച്ചെന്നും ആസഭ്യം പറയുകയും ചെയ്തെന്നാണ് കുടുംബത്തിന്റെ പരാതി. 

ദീർഘനേരം നീണ്ട ശല്യപ്പെടുത്തലിനൊടുവിൽ ഇവരുടെ ബുള്ളറ്റ് സുധീഷാ സഞ്ചരിച്ച വാഹനത്തിലിടിച്ചെന്നും റോഡിൽ തലയിടിച്ച് മരിച്ചെന്നും കുട്ടിയുടെ അമ്മാവൻ പറയുന്നു. അപകടത്തിൽ സുധീഷയുടെ സഹോദരനും പരിക്കേറ്റിട്ടുണ്ട്. എന്നാൽ കുടുംബത്തിന്റെ വാദം മുഴുവനായി തള്ളുകയാണ് പൊലീസ്. 

അപകടം നടക്കുന്ന സമയം സുധീഷയുടെ വാഹനത്തിന് സമീപത്ത് അമ്മാവൻ ഉണ്ടായിരുന്നില്ല. ഏറെ ദൂരം മുന്നിലായിരുന്നു, അപകടസമയത്ത് വാഹനം ഓടിച്ചത് പ്രായപൂർത്തിയാകാത്ത സൂധീഷയുടെ സഹോദരാണെന്നാണ് പൊലീസ് പറയുന്നത്. ബുള്ളറ്റിലെത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയെന്നും അന്വേഷണം നടക്കുന്നതായും പൊലീസ് വിശദീകരിക്കുന്നു.

 സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. മിടുക്കിയായ കുട്ടിയുടെ മരണത്തിൽ സംഭവിച്ചത് എന്താണെന്ന് സർ‍ക്കാ‍ർ വ്യക്തമാക്കണമെന്ന് പ്രിയങ്ക പറഞ്ഞു. ബിഎസ്പിയും പ്രതിഷേധവുമായി രംഗത്തെത്തിട്ടുണ്ട്.