ദില്ലി: കേരളത്തിൽ നിന്ന് പഠനയാത്രക്കായി എത്തിയ സംഘം ടൂർ ഏജൻസിയുടെ തട്ടിപ്പിനെ തുടർന്ന് ദില്ലിയിൽ കുടുങ്ങി. മണ്ണൂത്തി ഡയറി സയൻസ് കോളേജിൽ നിന്നുള്ള വിദ്യാർഥികൾ ആണ് തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ തിരുവനന്തപുരത്തെ ആദിത്യാ ഡെസ്റ്റിനേഷൻ എജൻസിക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് ദിവസം മുൻപാണ്  തൃശൂർ മണ്ണൂത്തി ഡയറി സയൻസ് കോളേജിലെ  42 പേർ അടങ്ങുന്ന സംഘം പഠനയാത്രക്കായി ദില്ലിയിൽ എത്തിയത്.

പഠനയാത്രക്കൊപ്പം മണാലി, കുളു, ഗോവ എന്നിവിടങ്ങളിലുമായി 23 ദിവസമാണ് യാത്ര നടത്താനിരുന്നത്. ഇതിനായി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ആദിത്യ ഡെസ്റ്റിനേഷൻസ് എന്ന സ്ഥാപനത്തിന് എട്ട് ലക്ഷം രൂപയും നൽകി. എന്നാൽ, ഹരിയാനയിലെ കർണാലിലെ ഡയറി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകാൻ ദില്ലിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയപ്പോളാണ് ഏജന്റ് പണം അടച്ചിട്ടില്ലെന്നും കബളിപ്പിക്കപ്പെട്ടെന്നും മനസിലായത്. 

ദില്ലിയിലെ യാത്രക്കായി ഏർപ്പാടാക്കിയ  ബസിനും  ഏജൻറ്റ് പണം നൽകിയിട്ടില്ല. ടൂർ ഏജൻസിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഏജന്റിന്റെ  ഫോൺ സ്വിച്ച് ഓഫയായ നിലയിലാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഏജൻസിക്കെതിരെ കോളേജ് അധികൃതർ മണ്ണൂത്തി പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്.

സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടിട്ടതിനെ തുടർന്ന് വിദ്യാർത്ഥികൾ ദില്ലി കേരളഹൗസിൽ ഭക്ഷണവും താൽക്കാലിക താമസവും ഒരുക്കി. മുൻകൂട്ടി നിശ്ചയിച്ചപ്രകാരം കർണാലിലേക്കുള്ള പഠനയാത്ര തുടരാനാണ് തീരുമാനം. സംഭവത്തിൽ ഏജൻസിയുടെ പ്രതികരണം തേടിയെങ്കിലും ലഭ്യമായിട്ടില്ല.