Asianet News MalayalamAsianet News Malayalam

ജയിലില്‍ ഫോണുമായി വീണ്ടും ടിപി കേസ് പ്രതി ഷാഫി: കയ്യോടെ പൊക്കി യതീഷ് ചന്ദ്ര

വിയ്യൂർ ജയിലിൽ തൃശ്ശൂർ പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര നടത്തിയ റെയ്‍ഡിൽ നിന്നാണ് ഷാഫിയിൽ നിന്ന് ഫോൺ പിടിച്ചെടുത്തത്. മുൻപും കോഴിക്കോട്ടെ ജില്ലാ ജയിലിൽ ഷാഫി ഫോണുപയോഗിക്കാറുണ്ടായിരുന്നത് ഏഷ്യാനെറ്റ് ന്യൂസ് പുറത്തു കൊണ്ടു വന്നിരുന്നു. 

tp murder case convict shafi using mobile phone in viyyur jail yathish chandra raids jail
Author
Central Prison and Correction Home, First Published Jun 22, 2019, 9:48 AM IST

തൃശ്ശൂർ: പല തവണ പിടിക്കപ്പെട്ടിട്ടും ടി പി വധക്കേസ് പ്രതി ഷാഫി വീണ്ടും തൃശ്ശൂർ വിയ്യൂർ ജയിലിൽ മൊബൈൽ ഫോണുകളുപയോഗിക്കുന്നു. പുലർച്ചെ നാടകീയമായി നടത്തിയ റെയ്‍ഡിൽ ഷാഫിയിൽ നിന്ന് പിടിച്ചത് രണ്ട് സ്മാർട്ട് ഫോണുകളാണ്. തൃശ്ശൂർ പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്രയാണ് ഷാഫിയിൽ നിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. ഇതിന് മുമ്പ് രണ്ട് തവണ ജയിലിൽ ഫോണുപയോഗിച്ചതിന് ഷാഫിയെ പിടികൂടിയിട്ടുണ്ട്.

വിയ്യൂർ ജയിലിൽ ഫോണുപയോഗിക്കുന്നതായി വിവരം കിട്ടിയതിനെത്തുടർന്ന് പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര അതി നാടകീയമായി പുലർച്ചെ ജയിലിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. റെയ്‍ഡിൽ കണ്ടെത്തിയത് നാല് ഫോണുകളാണ്. ഇതിൽ രണ്ടെണ്ണം ഷാഫിയുടേതാണ്. രണ്ടും സ്മാർട്ട് ഫോണുകളുമാണ്.

കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിലാണ് ജയിൽ വകുപ്പ് മിന്നൽ പരിശോധന നടത്തിയത്. കണ്ണൂരിൽ ജയിൽ ഡിജിപി ഋഷിരാജ് സിംഗും വിയ്യൂരിൽ യതീഷ് ചന്ദ്രയുമാണ് റെയ്‍ഡ് നടത്തിയത്. പുലർച്ചെ നാല് മണിയോടെയായിരുന്നു മിന്നൽ പരിശോധന. 

കണ്ണൂരിലെ റെയ്‍ഡിൽ നിന്ന് മൊബൈൽഫോൺ, കഞ്ചാവ്, പുകയില, പണം, സിം കാർഡ്, ചിരവ, ബാറ്ററികൾ, റേഡിയോ എന്നിവ കണ്ടെത്തി. റേഞ്ച് ഐജി അശോക് യാദവ്, എസ്‍പി പ്രതീഷ് കുമാർ എന്നിവരും ഋഷിരാജ് സിംഗിനൊപ്പമുണ്ടായിരുന്നു. 150 പൊലീസുകാരുടെ സംഘവുമായാണ് ഇവരെത്തിയത്. 

2013-ൽ കോഴിക്കോട് ജയിലിൽ ഷാഫിയടക്കമുള്ള പ്രതികൾ മൊബൈൽ ഉപയോഗിക്കുന്നതായി ആദ്യം കണ്ടെത്തിയത് ഏഷ്യാനെറ്റ് ന്യൂസാണ്. അന്ന് അർധരാത്രി ഷാഫി ജയിലിൽ കിടന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതും, ചാറ്റ് ചെയ്യാറുള്ളതും തെളിവുകൾ അടക്കം ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടു. ഏഷ്യാനെറ്റ് ന്യൂസ് ഷാഫിയെ അന്ന് ഫോണിൽ വിളിച്ചപ്പോൾ ജയിലിലുള്ള ഷാഫി ഞങ്ങളോട് സംസാരിക്കുകയും ചെയ്തു. 

പിന്നീട്, 2017-ൽ ഇതേ പ്രതികൾ തന്നെ വിയ്യൂർ ജയിലിൽ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. കൊടി സുനി, ടി കെ രജീഷ് എന്നിവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. പ്രതികള്‍ ജയിലിനുള്ളില്‍ സിഗരറ്റ് വലിക്കുന്നതും സിസി ടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു.

വീണ്ടും ജയിലിൽ ഷാഫി ഫോണുപയോഗിക്കുന്നത് നിർബാധം തുടരുന്നതായി തെളിയുമ്പോൾ, 2014-ൽ ഏറെ രാഷ്ട്രീയ വിവാദങ്ങളുയർത്തി വിട്ട, പ്രതികൾ ഫോണുപയോഗിക്കുന്നതായി തെളിവുകൾ സഹിതം ഞങ്ങൾ പുറത്തു വിട്ട ആ വാർത്ത ഒരിക്കൽ കൂടി റീ പോസ്റ്റ് ചെയ്യുന്നു:

2013 ഡിസംബർ 11:

തിരുവനന്തപുരം: കോഴിക്കോട് ജയിലില്‍ കിടന്ന് ടി പി വധക്കേസിലെ പ്രതി ഷാഫി രാപകല്‍ ഫോണ്‍ ചെയ്തു. ഇതിന്റെ തെളിവുകള്‍ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. 17 മൊബൈല്‍ സെറ്റുകള്‍ ഷാഫി ഉപയോഗിച്ചതിനും തെളിവ് ലഭിച്ചു. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനടക്കം ജയിലില്‍ ഷാഫിക്ക് സൌകര്യം ലഭിച്ചതായി മണിക്കൂറുകള്‍ നീണ്ട ഫോണ്‍ കോളുകള്‍ വ്യക്തമാക്കുന്നു.

രാവിലെ ഏഴ് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെയാണ് ഷാഫി ജയിലില്‍ കിടന്ന് സംസാരിച്ചതെന്ന് ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഒരു സിം കാര്‍ഡ് മൂന്നും നാലും മൊബൈല്‍ ഫോണുകളില്‍ ഉപയോഗിച്ചാണ് ഷാഫി തടസ്സങ്ങള്‍ ഒന്നുമില്ലാതെ സംസാരിച്ചിരുന്നത്.

ചില സംഭാഷണങ്ങള്‍ 20 മുതല്‍ 45 മിനിറ്റ് വരെ നീണ്ടു . പുലര്‍ച്ചെ രണ്ടുമണി വരെ ഷാഫി ഫോണില്‍ സംസാരിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത പുറത്തുവിട്ടതിന് ശേഷം ഷാഫിയുടെ ഫോണ്‍ ഓഫ് ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായി. രണ്ടുദിവസത്തിന് ശേഷം സിം കാര്‍ഡ് ചൊക്ലിയിലെ ടവറിന്റെ പരിധിയിലായിരുന്നു . ഡിസംബര്‍ 4 ന് വൈകീട്ട് ഏഴു മണിക്ക് ഷാഫിയുടെ സിം കാര്‍ഡ് ചൊക്ലിയിലായിരുന്നു. ഡിസംബര്‍ 5ന് രാവിലെ 11 മണിക്ക് ചേലേമ്പ്ര ടവറിന്റെ പരിധിയിലായിരുന്നു സിം കാര്‍ഡ്.

ഷാഫി ജയിലില്‍ നിന്ന് ക്വട്ടേഷന്‍ പ്രവര്‍ത്തനം നടത്തിയെന്ന് സംശയിക്കത്തക്ക തെളിവുകളും ഇതിലുണ്ട്. അഭിഭാഷകരുമായും ജയിലില്‍ നിന്ന് ഫോണില്‍ സംസാരിച്ചു . ഷാഫിയുടെ ഫോണ്‍ പുറത്തുനിന്ന് ചാര്‍ജ് ചെയ്ത് കൊടുത്തു .

ഷാഫി ജയിലില്‍ നിന്നും ഫോണ്‍ വിളിച്ചതായി ഫോണ്‍ പട്ടികയിലുള്ള നമ്പറുകളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് ലേഖകന്‍ വിളിച്ചപ്പോള്‍ സ്ഥിരീകരണം ലഭിച്ചു. ഷാഫി ഫോണ്‍ വിളിക്കാറുള്ളതായി ഇവര്‍ സമ്മതിക്കുന്നതിന്റെ ശബ്ദരേഖയും ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടു.

Follow Us:
Download App:
  • android
  • ios