തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്ത് കേസിൽ കഴക്കൂട്ടം സ്വദേശി സിന്ധുവിനെ ഡിആർഐ അറസ്റ്റ് ചെയ്തു. സിന്ധു നാല് പ്രാവശ്യമായി 40 കിലോ സ്വർണം കടത്തിയെന്ന് ഡിആർഐ അറിയിച്ചു. കേസിലെ മുഖ്യകണ്ണി ബിജു മനോഹരനൊപ്പമാണ് സിന്ധു യാത്ര ചെയ്തതെന്നും ഡിആർഐ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വർണക്കടത്ത് കേസിലെ പ്രതികളുടെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. മൂന്ന് പ്രതികളുടെ വീട്ടില്‍ നടത്തിയ റെയ്ഡിൽ സ്വർണ കടത്തുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐക്ക് ലഭിച്ചു. പ്രതിയായ വിഷ്ണുവിന്‍റെ വീട്ടിൽ സൂക്ഷിച്ചിരുന്ന വിദേശ നിർമിത മദ്യവും പിടികൂടി.  കേസിലെ രണ്ട് പ്രതികള്‍ ജയിലിൽ നിന്നുമിറങ്ങിയിരുന്നു.

സ്വർണക്കടത്ത് കേസിലെ പ്രതികളായ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണൻ, വിഷ്ണു, ബിജു മനോഹർ എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ടതും പണമിടപാട് വ്യക്തമാക്കുന്നതുമായ  ചില രേഖകളും  സിബിഐക്ക് ലഭിച്ചുവെന്നാണ് വിവരം. തിരുമലയുള്ള വിഷ്ണു സോമസുന്ദരത്തിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിൽ 20 വിദേശ നിർമിത മദ്യ കുപ്പികള്‍ ലഭിച്ചു. 

സിബിഐ കൊച്ചി യൂണിറ്റ് എഎസ്പി ജോയിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സിബിഐ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് ഉദ്യോഗസ്ഥ മദ്യം കസ്റ്റഡിലെടുത്തു. അനധികൃതമായി ബന്ധം സൂക്ഷിച്ചതിന് എക്സൈസ് വിഷ്ണുവിനെതിരെ കേസെടുത്തിരുന്നു. വാഹന അപകടത്തിൽ മരിച്ച സംഗീത സംവിധായകൻ ബാലഭാസ്ക്കറിന്‍റെ മുൻ മാനേജറാണ് വിഷ്ണു. 

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയതിന് സിന്ധുവിനെ കൂടാതെ ആറ് പേരെയാണ് ഡിആർഐ പിടികൂടിയത്. മുഖ്യപ്രതി ബിജു മനോഹർ ഉള്‍പ്പെടെ നാല് പേർക്ക് വ്യാഴാഴ്ച ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. ജാമ്യ വ്യവസ്ഥ പൂർത്തിയാക്കിയ ഒന്നാം പ്രതി സുനിൽകുമാർ,നാലാം പ്രതി റാഷിദ് എന്നിവർ ജയിലിൽ നിന്നും ഇറങ്ങി. 

35,000 രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യം, വരുന്ന അഞ്ച് മാസത്തേക്ക് നിശ്ചിത ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകണം, തിരുവനന്തപുരം ജില്ല വിട്ട് പോകരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണൻ, വിഷ്ണു എന്നിവർക്ക് ജാമ്യം ലഭിച്ചിട്ടില്ല.