മൂന്ന് പേരും ചെറുപ്പക്കാരാണ്. 24 വയസ് മാത്രമുള്ളവര്‍. പക്ഷെ തിരുവനന്തപുരത്തിന്റെ വിവിധയിടങ്ങളിലായി തട്ടിക്കൊണ്ടുപോകലും കവര്‍ച്ചയും സ്ഥിരമാക്കിയവരെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.

തിരുവനന്തപുരം: നഗരത്തിൽ യുവാക്കളെയും ടെക്നോപാർക്ക് ജീവനക്കാരനെയും തട്ടികൊണ്ടുപോയി മർദ്ദിക്കുകയും പണം തട്ടുകയും ചെയ്ത ഗുണ്ടാസംഘങ്ങള്‍ പിടിയിൽ. തട്ടിക്കൊണ്ടുപോകലും കവര്‍ച്ചയും പതിവാക്കിയ രണ്ട് ഗുണ്ടാ സംഘങ്ങളാണ് പിടിയിലായത്. നഗരത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കത്തി കാട്ടി പണം കവര്‍ന്ന കേസിലാണ് മൂന്ന് പേര്‍ അറസ്റ്റിലായത്. ഇതുകൂടാതെ വലിയതുറയില്‍ രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നാല് പേരും പിടിയിലായി. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ട് കേസിലെയും പ്രതികള്‍ അറസ്റ്റിലായത്.

കുറ്റിച്ചല്‍ സ്വദേശി രഞ്ചിത്ത്, കാരയ്ക്കാമണ്ഡപംകാരന്‍ ഡെനോ, കരംകുളത്തുള്ള മാഹീന്‍. മൂന്ന് പേരും ചെറുപ്പക്കാരാണ്. 24 വയസ് മാത്രമുള്ളവര്‍. പക്ഷെ തിരുവനന്തപുരത്തിന്റെ വിവിധയിടങ്ങളിലായി തട്ടിക്കൊണ്ടുപോകലും കവര്‍ച്ചയും സ്ഥിരമാക്കിയവരെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. 18ന് രാത്രി തലസ്ഥാന നഗരത്തില്‍ ടെക്നോപാര്‍ക് ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണത്തിലാണ് ഇവര്‍ വഞ്ചിയൂര്‍ പൊലീസിന്റെ പിടിയിലായത്. യുവാവിനെ തട്ടിക്കൊണ്ടുപോയികത്തിക്കാട്ടി ഭീഷണിപ്പെടുത്തി എ.ടി.എമ്മില്‍ നിന്ന് പണം എടുത്ത ശേഷം മര്‍ദിച്ച് റോഡരുകില്‍ ഉപേക്ഷിക്കുകയായിരുന്നു.

സമാനകുറ്റകൃത്യങ്ങള്‍ നടത്തുന്ന മറ്റൊരു സംഘമാണ് ഈ നാലുപേര്‍. നെയ്യാര്‍ ഡാം സ്വദേശികളായ അനൂപ്, വൈശാഖ്, വിജിന്‍, അരുണ്‍. 17ന് രാത്രി വലിയതുറയില്‍ ബൈക്കില്‍ സഞ്ചരിച്ച ആദിത്യന്‍, ആദര്‍ശ് എന്നീ രണ്ട് പേരെ ഇടിച്ചിട്ട ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു. ആദിത്യനും ആദര്‍ശും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. ഇവരും പ്രതികളും തമ്മിലുള്ള വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോയുള്ള ആക്രമണത്തിലെത്തിയത്.

ഈ നാല് പേരും തിരുവനന്തപുരം റൂറല്‍ പൊലീസ് പരിധിയില്‍ പൊലീസിനെ ആക്രമിക്കൽ, കഞ്ചാവ് കച്ചവടം, മോഷണം തുടങ്ങി ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. ചില കേസുകളില്‍ പിടിയില്‍ പോലുമാവാതിരിക്കെയാണ് ശംഖുമുഖം എ.സി.പി പ്രിത്വിരാജിന്റെ നേതൃത്വത്തില്‍ വലിയതുറ പൊലീസ് ഇവരെ പിടികൂടുന്നത്. കൊലപാതകശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

YouTube video player