പേരൂർക്കട സ്വദേശി അലനാണ് കുത്തേറ്റ് മരിച്ചത്. അലന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം നടക്കുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് തൈക്കാ‌ട് സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇടപെടാൻ ശ്രമിച്ച യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പേരൂർക്കട സ്വദേശി അലനാണ് കുത്തേറ്റ് മരിച്ചത്. അലന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം നടക്കുന്നത്. തൈക്കാ‌ട് ശാസ്താ ക്ഷേത്രത്തിന് സമീപത്തുള്ള റോഡിലാണ് കൊലപാതകം. വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷമാണ് ഒടുവിൽ കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഏകദേശം 30ലധികം വിദ്യാർത്ഥികളാണ് സ്ഥലത്തുണ്ടായിരുന്നത്. ഇവർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. കളർ ഡ്രസിട്ടവരും സ്കൂൾ യൂണിഫോം ധരിച്ച കുട്ടികളും സംഘത്തിലുണ്ടായിരുന്നു. കുത്തേറ്റ് വീണ അലനെ ടൂവീലറിന് നടുവിലിരുത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് പ്രദേശവാസിയായ ദൃക്സാക്ഷി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ജനറൽ ഹോസ്പിറ്റലിലേക്കാണ് ആദ്യം എത്തിച്ചത്. പിന്നീട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും അലന്റെ ജീവൻ രക്ഷിക്കാനായില്ല. വിദ്യാർത്ഥികൾ തമ്മിലുളള സംഘർഷത്തിനിടയിൽ അലനും സുഹൃത്തുക്കളും ഇടപെട്ടതാകാം കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. 30 ലധികം പേർ സ്ഥലത്തുണ്ടായിരുന്നതിനാൽ ആരാണ് കുത്തിയതെന്ന കാര്യത്തിലും പൊലീസിന് ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

തലസ്ഥാനത്ത് കത്തിക്കുത്ത്, കൊലപാതകം വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ | Thiruvananthapuram