ഗ്രേറ്റര്‍ നോയിഡ: പതിനൊന്നു ലക്ഷം രൂപ വിലവരുന്ന ബ്രിട്ടാണിയ ബിസ്കറ്റുമായി പോയ ട്രക്ക് മൂന്നംഗ സംഘം തട്ടിയെടുത്തു. ഗ്രേറ്റര്‍ നോയിഡയിലെ ബദല്‍പൂരില്‍ ഛപ്രോല ഗ്രാമത്തിലാണ് സംഭവം. ഏകദേശം 11.24 ലക്ഷം രൂപ വില വരുന്ന ബിസ്കറ്റുകളാണ് ട്രക്കിലുണ്ടായിരുന്നത്.

ട്രക്ക് തട്ടിയെടുത്തതായി പരാതി ലഭിച്ചതോടെ അന്വേഷണം ആരംഭിച്ച പൊലീസ് വെള്ളിയാഴ്ച രാത്രിയോടെ സുരജ്പൂരിലെ വ്യാവസായിക മേഖലയില്‍ വെച്ച് ജിപിഎസ് സംവിധാനത്തിന്‍റെ സഹായത്തോടെ ട്രക്ക് കണ്ടെത്തി. എന്നാല്‍ കീഴടങ്ങാന്‍ തയ്യാറാകാതിരുന്ന സംഘം പൊലീസിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ പൊലീസും തിരിച്ച് വെടിവെച്ചു. മോഷ്ടാക്കളിലൊരാളുടെ കാലില്‍ വെടിയേറ്റതോടെ അക്രമികള്‍ ട്രക്ക് നിര്‍ത്തി.

Read More: വിവാഹ ഘോഷയാത്രയ്ക്ക് കുതിരയെ ഉപയോഗിച്ചു; ദളിത് വിഭാഗത്തില്‍പ്പെട്ട സൈനികന് നേരെ കല്ലേറ്

തുടര്‍ന്ന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഗാസിയാബാദ് സ്വദേശി ലോകേഷ്, അലിഗഢ് സ്വദേശി കര്‍ത്താര്‍ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ഇവരില്‍ നിന്ന് തോക്കുകള്‍ പിടിച്ചെടുത്തു. ട്രക്ക് തട്ടിയെടുത്തതിനും വധശ്രമത്തിനും ആയുധങ്ങള്‍ കൈവശം വെച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.