ആയിരക്കണക്കിന് പേരിൽ നിന്ന് അഞ്ഞൂറ് കോടിയോളം രൂപ തട്ടിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കോഴിക്കോട് സ്വദേശികളായ എം കെ ഹൈദരാലി, എം കെ ഷാജി എന്നിവരാണ് കാസർകോട് പൊലീസിന്‍റെ പിടിയിലായത്.
കാസര്‍കോട്: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ കാസർകോട് രണ്ട് പേർ പിടിയിൽ. വടക്കൻ ജില്ലകളിലൊട്ടാകെ മൈ ക്ലബ് ട്രേഡേഴ്സ് എന്ന പേരിൽ മണിചെയിൻ മാതൃകയിൽ തട്ടിപ്പ് നടത്തിയവരാണ് പിടിയിലായത്. ആയിരക്കണക്കിന് പേരിൽ നിന്ന് അഞ്ഞൂറ് കോടിയോളം രൂപ തട്ടിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
കോഴിക്കോട് സ്വദേശികളായ എം കെ ഹൈദരാലി, എം കെ ഷാജി എന്നിവരാണ് കാസർകോട് പൊലീസിന്‍റെ പിടിയിലായത്. പ്രിൻസസ് ഡയമണ്ട്സ് ആൻഡ് ഗോൾഡ് കമ്പനിയുടെ ഡയറക്ടമാരാണ് ഇരുവരും. മൈ ക്ലബ്ല് ട്രേഡേഴ്സ് എന്ന പേരിലുള്ള മലേഷ്യൻ കമ്പനിയിലേക്ക് നിക്ഷേപമെന്ന രീതിയിലാണ് പലരിൽ നിന്നായി കോടികൾ കൈക്കലാക്കിയത്. മൈ ക്ലബ് ട്രേഡേഴ്സ് എന്ന ആപ്പിലൂടെയായിരുന്നു പണ സമാഹരണം. കാസർകോടും കോഴിക്കോടും ജ്വല്ലറി തുടങ്ങുന്നതിനായി രണ്ട് കെട്ടിടങ്ങളും പ്രതികൾ വാങ്ങി.
മഞ്ചേശ്വരത്ത് രണ്ട് യുവാക്കളെ തട്ടിക്കൊണ്ട് പോയ കേസിൽ അറസ്റ്റിലായ പ്രതികളിൽ നിന്നാണ് മണി ചെയിൻ തട്ടിപ്പ് കമ്പനിയെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയത്. ഹൊസങ്കടി സ്വദേശിയുടെ പരാതിയിലാണ് നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തട്ടിപ്പിനിരയായ നൂറുകണക്കിനാളുകൾ പൊലീസ് സ്റ്റേഷനുകളിൽ പരാതിയുമായെത്തുന്നുണ്ട്.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് വ്യാപക തട്ടിപ്പ് നടന്നത്. ഇതേ കേസിൽ മഞ്ചേശ്വരം സ്വദേശി ജാവേദിനെ നേരത്തെ പിടികൂടിയിരുന്നു. പ്രധാന പ്രതി കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും മലപ്പുറം സ്വദേശിയുമായ ഫൈസൽ വിദേശത്തുണ്ടെന്നാണ് വിവരം.
