നിലമ്പൂര്‍:  കാട്ടുപന്നിയെ വേട്ടയാടി കൊന്ന കേസിൽ രണ്ട് പേരെ വനം വകുപ്പ് പിടികൂടി. ഇവരില്‍ നിന്ന്
വേട്ട സാമഗ്രികളും,വാഹനങ്ങളും, പന്നിയുടെ ജഡവും കണ്ടെടുത്തു. 

ചുങ്കത്തറ പള്ളിക്കുത്ത് കിനാംതോപ്പിൽ കെ.എസ്. ചാക്കോ , കാവലംകോട് പുതുപറമ്പിൽ പി.കെ. സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്.നിലമ്പൂർ ഫോറെസ്റ്റ് റേഞ്ച് ഓഫിസർ എം.പി. രവീന്ദ്രനാഥിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നു നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. 

മുപ്പാലിപ്പൊട്ടിയിൽ റബർ തോട്ടത്തിലെ വേലിത്തൂണിൽ കേബിൾ കമ്പി കൊണ്ട് കെണിവച്ചാണ് ഇവര്‍ പന്നിയെ പിടിച്ചത്. രാത്രിതന്നെ കെണിയില്‍ കുടുങ്ങിയ പന്നിയെ തലക്ക് അടിച്ചു കൊന്നു.

മാംസം എടുക്കാനായി ജഡം ചുമന്നു വീട്ടിലേക്ക് കൊണ്ടു പോകുവഴിയാണ് വനപാലകരെത്തി രണ്ടുപേരേയും പിടികൂടിയത്. മഞ്ചേരി വനം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.