മര്‍ദ്ദനമേറ്റതും ആന്തരിക അവയവങ്ങള്‍ തകര്‍ന്നുള്ള രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്
കൊല്ലം: കൊല്ലത്തെ വിമുക്ത ഭടന്‍റെ മരണത്തില്‍ പൊലീസുകാരനടക്കം രണ്ട് ബന്ധുക്കള്‍ പിടിയില്‍. വസ്തു തര്‍ക്കത്തെ തുടര്‍ന്നുള്ള കയ്യാങ്കളിയിലാണ് വിമുക്ത ഭടൻ ജയകുമാര്‍ മരിക്കാൻ കാരണമെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. എറണാകുളം ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവില്‍ പൊലീസ് ഓഫീസര്‍ ഷൈൻ കുമാര്‍, പൊലിക്കോട് സ്വദേശി അഖില്‍ കുമാര്‍ എന്നിവരാണ് പിടിയിലായത്.
ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ബന്ധുക്കള്‍ തമ്മില്‍ സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പല തവണ വഴക്കുമുണ്ടായി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ജയകുമാറിനെ ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ചു.
പിന്നീട് അസ്വസ്തത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പിറ്റേന്ന് രാവിലെ ജയകുമാറിനെ വാളകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍, ജയകുമാര്‍ മരിക്കുകയായിരുന്നു. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു.
മര്‍ദ്ദനമേറ്റതും ആന്തരിക അവയവങ്ങള്‍ തകര്‍ന്നുള്ള രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷൈൻകുമാറും അഖില്‍ കുമാറും പിടിയിലായത്.
