ജയ്പൂര്‍: രാജസ്ഥാനില്‍ മോഷണക്കുറ്റമാരോപിച്ച് ആള്‍ക്കൂട്ടം ദലിത് സഹോദരങ്ങളെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും വിവസ്ത്രരാക്കുകയും ചെയ്തതായി പരാതി. ആക്രമണത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ജയ്പൂരില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള നഗൗര്‍ പട്ടണത്തിലാണ് സംഭവം. 

24കാരനായ ദലിത് യുവാവ് സഹോദരനുമൊത്ത് പെട്രോള്‍ പമ്പിലേക്ക് ഇന്ധനം വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം. ഇവിടെ നിന്നാണ് പമ്പിലെ ജീവനക്കാര്‍ മോഷണക്കുറ്റമാരോപിച്ച് സഹോദരങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചത്. കെട്ടിയിട്ട് വസ്ത്രമഴിച്ച് സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിക്കുന്നത് ജനനേന്ദ്രിയങ്ങളിലടക്കം പെട്രോള്‍ ഒഴിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പത്തോളം പേര്‍ ചേര്‍ന്നാണ് ആക്രമിക്കുന്നത്.

വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിയുന്നത്.  സഹോദരന്മാരുടെ പരാതിയെ തുടര്‍ന്ന് പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. അഞ്ച് പേരെ പിടികൂടിയിട്ടുണ്ടെന്നും മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. പരിക്കേറ്റ സഹോദരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.