ഭോപ്പാല്‍: കണ്ണില്ലാത്ത ക്രൂരതയുടെ ഭോപ്പാലില്‍ നിന്ന് പുറത്തുവരുന്നത്. ജനിച്ച് രണ്ട് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തി, മൃതദേഹം ക്ഷേത്രത്തില്‍ തള്ളി. പൊലീസ് ആണ് രണ്ട് ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം കൊലപ്പെടുത്തിയ നിലയില്‍ ഭോപ്പാലിലെ ക്ഷേത്രപരിസരത്തുനിനന്ന് കണ്ടെത്തിയത്. മൃതദേഹത്തില്‍ കുത്തേറ്റതിന്റെ നിരവധി മുറിവുകളുണ്ടായിരുന്നു. ഒരു തുണിയില്‍ പൊതിഞ്ഞാണ് മൃതദേഹം കിടന്നിരുന്നത്. 

ആരാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമല്ല. മുര്‍ച്ചയുള്ള വസ്തു ഉപയോഗിച്ചാണ് കുട്ടി ആക്രമിക്കപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംഭവത്തില്‍ അജ്ഞാത പ്രതിക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. രണ്ട് ദിവസത്തിനുള്ളില്‍ ജനിച്ച കുട്ടികളുടെ വിവരങ്ങള്‍ സമീപത്തെ ആശുപത്രിയില്‍ നിന്ന് പൊലീസ് ശേഖരിക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും അയോധ്യ നഗര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് റെനു മുറാബ് പറഞ്ഞു.