കര്‍ണ്ണാടകത്തിലെ ബൈരക്കുപ്പയില്‍ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വില്‍പ്പന നടത്തുന്നവരാണ് പിടിയിലായത്

മാനന്തവാടി: ജില്ലയില്‍ വ്യത്യസ്ത സംഭവങ്ങളിലായി 2 കഞ്ചാവുകടത്തുകാർ പിടിയിലായി. എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 41കാരനും 54കാരനും പിടിയിലായത്. മാനന്തവാടി ടൗണില്‍ നടത്തിയ പരിശോധനയില്‍ ഇരിട്ടി കൊട്ടിയൂര്‍ നെല്ലിയോടി മൈലപ്പള്ളി വീട്ടില്‍ ടൈറ്റസ് (41) നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്നും 200 ഗ്രാം കഞ്ചാവും പിടികൂടി. കര്‍ണ്ണാടകത്തിലെ ബൈരക്കുപ്പയില്‍ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വില്‍പ്പന നടത്തുന്ന ആളാണ് പ്രതിയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നത്.

മറ്റൊരു സംഭവത്തില്‍ മാനന്തവാടി ടൗണ്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന മധ്യവയസ്‌കനാണ് അറസ്റ്റിലായത്. മാനന്തവാടി അമ്പുകുത്തി കിഴക്കംച്ചാല്‍ വീട്ടില്‍ ഇബ്രാഹിം (54) ആണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. മാനന്തവാടി ടൗണില്‍ നിന്നു തന്നെയാണ് ഇയാളും പിടിയിലായത്. പ്രതിയില്‍ നിന്നും അമ്പത് ഗ്രാം കഞ്ചാവും എക്സൈസ് പിടികൂടി. കര്‍ണ്ണാടകയിലെ ബൈരക്കുപ്പയില്‍ നിന്നും കഞ്ചാവ് വാങ്ങി മാനന്തവാടി ടൗണില്‍ ചില്ലറ വില്‍പ്പന നടത്തുന്ന ആളാണ് പ്രതി. സ്ഥിരം കഞ്ചാവ് വില്‍പ്പനക്കാരാനായ ഇബ്രാഹിം നിരവധി പൊലീസ്, എക്‌സൈസ് കേസുകളിലെ പ്രതിയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം മുത്തങ്ങ ചെക്ക് പോസ്റ്റിൽ വീണ്ടും എക്സൈസ് എംഡിഎംഎ പിടിച്ചിരുന്നു. കോഴിക്കോട് ഫറോക്ക് സ്വദേശി നിജാഫത്ത് (30), മലപ്പുറം ഏറനാട് സ്വദേശി ഫിറോസ് (30) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. 44 ഗ്രാം എംഡിഎംഐ പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നായിരുന്നു എംഡിഎംഎ കടത്ത്. ചെക്ക് പോസ്റ്റില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എക്സൈസ് സംഘം പരിശോധിച്ചു. ഇതിനിടയിലാണ് പാക്കറ്റിലാക്കിയ എംഡിഎംഎ പിടിച്ചെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം