ഹൈദരാബാദ്: ഹൈദരാബാദിൽ 26കാരിയായ വെറ്റിറനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊന്ന കേസില്‍ പൊലീസ് വെടിവച്ചു കൊന്ന പ്രതികളില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരെന്ന് ബന്ധുക്കള്‍. പൊലീസിന്‍റെ വെടിയേറ്റ് മരിച്ച നവീന്‍, ശിവ എന്നിവര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് ബന്ധുക്കളുടെ അവകാശ വാദം.

നവീന്‍ 2001ലാണ് ജനിച്ചതെന്നും 17 വയസ് മാത്രമാണ് ഉണ്ടായിരുന്നതെന്നുമാണ് മാതാവ് ലക്ഷി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തിയത്. അവന്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠനം നിര്‍ത്തിയിരുന്നു, ഞങ്ങള്‍ സ്കൂളില്‍ നിന്നും ടിസി വാങ്ങി തെളിവായി നല്‍കാമെന്നും ലക്ഷ്മി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

തന്‍റെ മകന്‍ ശിവയ്ക്ക് 17 വയസാണ് ഉണ്ടായിരുന്നതെന്ന് പിതാവ് ജെ രാജണ്ണ അവകാശപ്പെട്ടു.  2002 ആഗസ്റ്റ് രണ്ടിനാണ് അവന്‍ ജനിച്ചത്. ഗുഡിഗണ്ടല സര്‍ക്കാര്‍ സ്കൂളിലെ ഹെഡ്മാസ്റ്റര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് തെളിവാണെന്നും രാജണ്ണ പറയുന്നു. നവീനിന്‍റെയും ശിവയുടെ ബന്ധുക്കള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്  പരാതി നല്‍കിയിട്ടുണ്ട്. തങ്ങളുടെ മക്കളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളും ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് സംഭവം നടന്നെതന്നും  തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്നും പൊലീസ് വ്യക്തമാക്കി. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.

കഴിഞ്ഞ മാസം 28ന്  പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളിൽ നിന്നാണ് സൈബർബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.  പിന്നീട് നടന്ന തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് വാദം