തിരുവനന്തപുരം: കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകത്തിൽ രണ്ട് പേർ കൂടി പിടിയിൽ. പ്രതികളുടെ സംഘത്തിൽ ഉള്ളവരാണ് പിടിയിലായതെന്നാണ് സംശയം. ഇവരെ തമിഴ്നാട് ക്യൂ ബ്രാഞ്ചിൻ്റെയും കേരള പൊലീസിന്‍റെയും ഉന്നത സംഘം ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ജാഫറെന്നാണ് പിടിയിലായ ഒരാളുടെ പേര്. നെയ്യാറ്റിൻകര സ്വദേശിയാണ് ഇയാൾ. ആക്രമികൾ നേരത്തെ നെയ്യാറ്റിൻകരയിൽ ഒരു ആരാധനാലയത്തിൽ താമസിച്ചതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഈ ആരാധനാലയത്തിൽ നിന്നാണ് ജാഫറിനെ പിടികൂടിയതെന്നാണ് സൂചന. 

ഇന്ന് കേസിൽ 6 പേർ കസ്റ്റഡിയിലായിരുന്നു. പാലരുവിയിൽ നിന്നാണ് നാല് പേരെ കസ്റ്റഡിയിലെടുത്തത്. തെങ്കാശി ഡിവൈഎസ്പി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ പൊലീസാണ് ഇവരെ പിടികൂടിയത്. ഈ നാല് പേരും പ്രതികളാണെന്ന കാര്യത്തിൽ സ്ഥിരീകരണമില്ലെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. കസ്റ്റഡിയിലെടുത്തവരെ തമിഴ്നാട് പൊലീസിന് കൈമാറിയിരുന്നു. 

സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഒരാളെയും പാലക്കാട് മേപ്പറമ്പ് സ്വദേശികളായ രണ്ട് പേരെയും വര്‍ഷങ്ങളായി പാലക്കാട് സ്ഥിര താമസമാക്കിയ തമിഴ്നാട് സ്വദേശികളുമാണ് നേരത്തെ പിടിയിലായത്. കസ്റ്റഡിയിലെടുത്ത ഇഞ്ചിവിള സ്വദേശികളായ താസിം 31, സിദ്ധിക് 22 എന്നിവര്‍ക്ക് മുഖ്യ പ്രതികളിലൊരാളായ തൗഫീക്കുമായി അടുത്ത ബന്ധമുണ്ടെന്നെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് മുമ്പ് തൗഫീക്ക് ഈ രണ്ടുപേരുമായി നിരന്തരം ഫോണിൽ വിളിച്ചിരുന്നെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. തൗഫീക്കും അബ്ദുള്‍ ഷെമീമും ഉൾപ്പെട്ട തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്. 

ബുധനാഴ്ച രാത്രി 10.30 ഓടെ ആയിരുന്നു ചെക്ക് പോസ്റ്റ് എസ്ഐയായ മാർത്താണ്ഡം സ്വദേശി വിൽസണെ ബൈക്കിലെത്തിയ രണ്ട് പ്രതികളും ചേർന്ന് വെടിവെച്ചത്. തലയിൽ തൊപ്പി ധരിച്ചെത്തിയ സംഘം ഓടിയെത്തി വിൽസണിന്‍റെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. തൊട്ടടുത്തുള്ള ഒരു വ്യാപാരസ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പൊലീസിന് പ്രധാനതെളിവ് കിട്ടിയത്. പ്രതികളായ തൗഫീക്കും ഷെമീമും തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ ലീഗാണ് കൊലയ്ക്ക് പിന്നിൽ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.