ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ പാലച്ചുവടുള്ള മദ്യശാലയില്‍ കാവല്‍ക്കാരെ മര്‍ദ്ദിച്ച് അവശരാക്കി മോഷണം. രണ്ടുപേര്‍ ചേര്‍ന്ന് നടത്തിയ മോഷണത്തില്‍ പ്രതികള്‍ക്ക് കൊണ്ടുപോകനായത് വിലകുറഞ്ഞ അഞ്ച് കുപ്പി മദ്യം മാത്രമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് രണ്ട് പേരാണ് പ്രതികളെന്ന് വ്യക്തമായെന്നും ഇവരെ തിരിച്ചറിഞ്ഞുവെന്നും പൊലീസ് അറിയിച്ചു. 

ആക്രമണത്തില്‍ മദ്യശാലയിലെ ജീവനക്കാരായ നൂറനാട് സ്വദേശി സുരേഷ് (47), ചെന്നിത്തല സ്വദേശി സുധാകരന്‍ (58) എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരെയും മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷണം നടത്തിയതിനുശേഷം പ്രതികളിരുവരും ജീവനക്കാരുടെ ബൈക്കുമായി മുങ്ങി. മാവേലിക്കരയില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഈ ബൈക്ക് പൊലീസ് കണ്ടെത്തി. 

മദ്യശാലയുടെ ചുറ്റുമതില്‍ ചാടിക്കടന്നാണ് ഇവര്‍ അകത്തുകടന്നത്. സുരേഷിനെയാണ് ആദ്യം മര്‍ദ്ദിച്ചത്. ഇത് തടയാനെത്തിയ സുധാകരനെയും മര്‍ദ്ദിച്ചു. ഇരുവരെയും പിടിച്ചുകെട്ടി താക്കോല്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കാത്തതിനെ തുടര്‍ന്ന് പൂട്ട് തകര്‍ത്താണ് ഉള്ളില്‍ കയറിയത്. 

ജീവനക്കാരിലൊരാളുടെ മൊബൈലും ബൈക്കുമായാണ് ഇരുവരും കടന്നുകളഞ്ഞത്. പോകുംമുമ്പ് സിസിടിവി സ്റ്റോറേജും ഇവര്‍ അടിച്ചുതകര്‍ത്തു. മര്‍ദ്ദനമേറ്റ് അവശരായ ജീവനക്കാര്‍ പരസ്പരം കൈകളിലെ കെട്ടഴിച്ചതിന് ശേഷം അധികൃതരെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.