Asianet News MalayalamAsianet News Malayalam

ബെംഗ്ലൂരുവില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്നെത്തിച്ച് വില്‍പ്പന; ചേര്‍ത്തലയില്‍ യുവാക്കള്‍ പിടിയില്‍

യാത്രക്കാരുമായി പ്രശ്നമുണ്ടാക്കിയ റോഷനെയും ഷാരോണിനൈയും ചോദ്യം ചെയ്യുന്നതിനിടെ സംശയം തോന്നി പൊലീസ് ബാഗുകൾ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

two youth arrested with mdma drugs worth three lakh from cherthala
Author
First Published Aug 30, 2022, 9:16 PM IST

ചേർത്തല: ഇതര സംസ്ഥാന ബസുകൾ വഴി മാരക മയക്കുമരുന്നായ എംഡിഎംഎ സംസ്ഥാനത്ത് വിൽപനക്കായി കടത്തിക്കൊണ്ടുവന്ന രണ്ടുയുവാക്കൾ ചേർത്തലയിൽ പൊലീസിന്റെ പിടിയിലായി. തിരുവല്ല തുക്ലാശ്ശേരി, അഞ്ജലി റോഡ് ചുങ്കത്തിലായ ചിറപ്പാത്ത് റോഷൻ (24), ചങ്ങനാശ്ശേരി പ്ലായിക്കാട് മരങ്ങാട് ഷാരോൺ(21)എന്നിവരാണ് ചേർത്തല പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാവിലെ ബാംഗ്ലൂരിൽ നിന്നും കൊട്ടാരകരയിലേക്കു പോകുകയായിരുന്ന ദീർഘദൂര ബസിൽ നിന്നാണ് ഇരുവരും പിടിയിലായത്. 

യാത്രക്കിടെ യുവാക്കള്‍ ബസിലുണ്ടായിരുന്ന ചില യാത്രക്കാരുമായി വാക്കേറ്റമുണ്ടായി. തർക്കത്തെ തുടർന്ന് ജീവനക്കാർ ബസ് ചേർത്തല പൊലീസ് സ്റ്റേഷനിൽ നിർത്തുകയായിരുന്നു. യാത്രക്കാരുമായി പ്രശ്നമുണ്ടാക്കിയ റോഷനെയും ഷാരോണിനൈയും ചോദ്യം ചെയ്യുന്നതിനിടെ സംശയം തോന്നി പൊലീസ് ബാഗുകൾ പരിശോധിച്ചപ്പോഴാണ് 34ഗ്രാം എംഡിഎംഎ ലഭിച്ചത്. ഇരുവരും ചേർന്ന് ഇതു കേരളത്തിൽ വിൽപനക്കെത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു.  മൂന്നു ലക്ഷത്തോളം വിലവരുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്.

ദീർഘദൂര ബസുകൾവഴി ബാംഗ്ലൂരിൽ നിന്നും വൻതോതിൽ മയക്കുമരുന്നു കേരളത്തിലേക്കെത്തുന്നതായി വിവരത്തെ തുടർന്നു പൊലീസ് ജാഗ്രതയിലായിരുന്നു.  തിരുവല്ലയിൽ 15 ഓളം കേസുകളിൽ പ്രതിയായ റോഷനെ കാപ്പ നിയമപ്രകാരം പത്തനംതിട്ട ജില്ലയിൽ നിന്നും നാടുകടത്തിയിരിക്കുകയായിരുന്നു. ഷാരോണിനെതിരെയും നേരത്തെ മയക്കുമരുന്ന കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഇരുവരും 15 ദിവസങ്ങൾക്കു മുമ്പാണ് ബാംഗ്ലൂരിലേക്കു തിരിച്ചത്.

പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. ഇരുവരിലൂടെ  ബാഗ്ലൂരിലെ എംഡിഎംഎയുടെ വേരുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കേരളത്തില്‍ ഇവര്‍ക്ക് മറ്റ് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ബെംഗളൂരു ബന്ധം കണ്ടെത്തിയാല്‍ മയക്കുമരുന്ന് സംഘത്തിലെ പ്രധാനികളെ പിടികൂടാനാകുമെന്ന് പൊലീസ് പറയുന്നു. ചേർത്തല സ്റ്റേഷൻ ഓഫീസർ ബി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ ആന്റണി, വിനോദ്, ബസന്ത തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 

Read More :  ലഹരി കടത്തിയാൽ കുടുങ്ങും; പരിശോധന കടുക്കും; കര്‍ശനനടപടിക്ക് മുഖ്യമന്ത്രി

Follow Us:
Download App:
  • android
  • ios