ഓട്ടോറിക്ഷയില്‍ മീന്‍ വില്‍പന നടത്തിയിരുന്ന യുവാക്കളില്‍ നിന്നുമായിരുന്നു എണ്‍പതുവയസുകാരി സ്ഥിരമായി മീന്‍ വാങ്ങിയിരുന്നത്. ഇങ്ങനെയാണ് വയോധിക ഒറ്റയ്ക്കാണ് താമസമെന്ന് യുവാക്കള്‍ മനസിലാക്കുന്നത്
കൊല്ലം ചടയമംഗലത്ത് ഒറ്റയ്ക്ക് താമസിയ്ക്കുന്ന വയോധികയെ ആക്രമിച്ച് മൂന്നു പവൻ സ്വർണം കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. മീൻ വിൽപ്പനയുടെ മറവിലാണ് ഇരുവരും മോഷണം ആസൂത്രണം ചെയ്തത്. ചടയമംഗലം പോരേടം സ്വദേശികളായ ഷാൻ , മുഹമ്മദ് റാസി എന്നിവരാണ് പിടിയിലായത്.പോരേടം ഒല്ലൂർ കോണം സ്വദേശിനിയായ 80വയസ്സുള്ള അമീറത്തുബീവിയുടെ മൂന്നു പവൻ വരുന്ന മാലയാണ് ഇരുവരും കവർന്നത്.
ഓട്ടോ റിക്ഷയിൽ മീൻ വിൽപ്പന നടത്തുന്നവരാണ് ഷാനും റാസിയും. അമീറത്തു ബീവിയും മീൻ വാങ്ങിയിരുന്നത് ഇവരിൽ നിന്നായിരുന്നു. ഇങ്ങനെയാണ് അമീറത്തു ബീവി ഒറ്റയ്ക്കാണ് താമസമെന്ന് ഇരുവരും മനസിലാക്കിയത്. തുടർന്ന് മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ അമീറത്ത് ബീവിയുടെ വീടിന് സമീപത്ത് ബൈക്കിൽ എത്തിയ പ്രതികൾ വീട്ടിലെ ഫ്യൂസ്സ് ഊരി വൈദ്യുതി ബന്ധം തടസപ്പെടുത്തിയ ശേഷം വയോധികയെ കഴുത്തിൽ കുത്തിപ്പിടിച്ചു വായും മൂക്കും പൊത്തി തറയിൽ തള്ളിയിട്ട് സ്വർണ്ണ മാലപൊട്ടിച്ചെടുത്തു ബൈക്കിൽ രക്ഷപെടുകയായിരുന്നു.
വയോധികയുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോൾ രണ്ടുപേർ ഓടി രക്ഷപ്പെടുന്നത് കണ്ടു. തുടർന്ന് പൊലീസിൽ പരാതി നൽകി. പൊലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞതും തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്തതും. പ്രതികളെ റിമാൻഡ് ചെയ്തു. ആക്രമണത്തിൽ പരുക്കേറ്റ വയോധിക ആശുപത്രിയിൽ ചികിൽസയിലാണ്.

കളഞ്ഞു കിട്ടിയ മൊബൈൽ ഉപയോഗിച്ച് അക്കൌണ്ടിലെ ഒരു ലക്ഷം കവർന്നു, കൊച്ചിയിൽ അതിഥി തൊഴിലാളികൾ അറസ്റ്റിൽ
കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ കവർന്ന രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ. ബംഗാൾ സ്വദേശി റോണിമിയ, അസം സ്വദേശി അബ്ദുൾ കലാം എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. കിഴക്കമ്പലം സ്വദേശി മാത്യുവിന്‍റെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഇവർ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയത്. ഫോണിന്റെ പാസ് വേർഡ് കണ്ടെത്തിയാണ് പണം കവർന്നത്. പണവുമായി നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഇവർ പിടിയിലായത്.
സ്ത്രീയുടെ കണ്ണിൽ പൊടിവിതറി മാലമോഷ്ടിച്ച് മുങ്ങി, പ്രതിയെ പിടികൂടി പൊലീസ്
ജോലിക്ക് പോകുകയായിരുന്ന സ്ത്രീയുടെ കണ്ണിൽ പൊടിവിതറി സ്വർണ്ണം കവർന്ന് സ്കൂട്ടറിൽ കടന്നുകളഞ്ഞയാളെ പിടികൂടി പൊലീസ്. വാളക്കേട് സ്വദേശിനുടെ ഒന്നേകാൽ പവന്റെ മാലയാണ് ഇടമൺ സ്വദേശി ജമാലുദ്ദീൻ കവർന്നത്. കഴിഞ്ഞ ദിവസം വിളക്കുവെട്ടത്ത് വച്ചാണ് ഇയാൾ സ്ത്രീയുടെ മാല പറിച്ചെടുത്ത് ഓടിയത്. സ്ഥിരമായി പുല്ലുപറിക്കാനെന്ന തരത്തിൽ ഈ പ്രദേശത്ത് എത്തിയിരുന്ന ജലാലുദ്ദീൻ ദിവസങ്ങളായി സ്ത്രീയെ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ സമരത്തിന് കഴുതയെ മോഷ്ടിച്ചെന്ന് ആരോപണം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധ സമരം നടത്താനായി കഴുതയെ മോഷ്ടിച്ചുവെന്ന കേസില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തെലങ്കാനയിലെ നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ നേതാവ് വെങ്കിട് ബാലമൂര്‍ ആണ് അറസ്റ്റിലായത്. ഫെബ്രുവരി 17ന് സംസ്ഥാനത്തെങ്ങും കഴുതയക്ക് മുന്നില്‍ കേക്ക് മുറിച്ച് പ്രതിഷേധം കോണ്‍ഗ്രസ് സംഘടിപ്പിച്ചിരുന്നു.
