മറയൂര്‍: ഇടുക്കി മറയൂരിൽ വൃദ്ധനെ കൊന്ന സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. മദ്യത്തിന്‍റെ പൈസയെ ചൊല്ലിയുള്ള തർക്കമാണ് കൊലയിൽ കലാശിച്ചത്. എരുമേലി സ്വദേശി മിഥുൻ, മറയൂർ സ്വദേശി അൻപഴകൻ എന്നിവരാണ് അറസ്റ്റിലായത്. മറയൂർ ബാബുനഗർ സ്വദേശി മാരിയപ്പനെ കൊന്ന് ചാക്കിലാക്കി തോട്ടിൽ തള്ളുകയായിരുന്നു പ്രതികൾ. മാരിയപ്പനും പ്രതികളും ഒരുമിച്ചിരുന്ന് മദ്യപിക്കുക പതിവായിരുന്നു. 

ഇന്നലെ മദ്യം വാങ്ങിയതിന്‍റെ പങ്കുചോദിച്ച് മൂവരും തമ്മിൽ വാക്കുതർക്കവും അടിപിടിയുമായി. ഒടുവിലത് കൊലയിൽ കലാശിക്കുകയായിരുന്നു. മറയൂർ കെഎസ്ഇബി ഓഫീസനടുത്തെ തോട്ടിൽ സംശയാസ്‍പദമായ കണ്ട ചാക്ക് വഴിയാത്രക്കാർ തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കാണുന്നത്. ഉടനെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം പ്രതികൾ പിടിയിലാവുകയായിരുന്നു. നാളെ മിഥുനേയും അൻപഴകനെയും കോടതിയിൽ ഹാജരാക്കും.