കൊച്ചി: ആലുവയില്‍ കെട്ടിട നിർമ്മാണ കരാറുകാരനെ ഇരുമ്പ് വടികൊണ്ട് തല്ലി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ സ്വദേശി രജിത്ത് രാജനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് രണ്ട് പ്രതികളെ പൊലീസ് പിടികൂടിയത്.

മാറമ്പിള്ളി പാറയ്ക്കൽ ഷഫീക്ക് , നെടുമ്പാശ്ശേരി പറമ്പയം ഫൈസൽ ഹൈദരാലി എന്നിവരാണ് അറസ്റ്റിലായത്. കെട്ടിട നിർമ്മാണ കരാറുകാരനായ രജിത്ത് ബൈക്കിൽ കൊടുങ്ങല്ലൂരിലേക്ക് പോകുമ്പോൾ എട്ടംഗ സംഘം പിന്തുടർന്നെത്തി മർദ്ദിക്കുകയായിരുന്നു. ഇരുമ്പ് വടികൊണ്ട് രജിത്തിനെ ആക്രമിക്കുന്നത് കണ്ട് നാട്ടുകാർ എത്തിയതോടെയാണ് അക്രമിസംഘം പിന്മാറിയതെന്ന് പൊലീസ് പറഞ്ഞു. 

അടുത്തിടെ ആലുവയില്‍ നടന്ന മതം മാറ്റം സംബന്ധിച്ച തർക്കത്തിൽ രജിത്തും  പിതാവ് രാജനും ഇടപ്പെട്ടിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടാണോ ആക്രമണമെന്ന് സംശയമുള്ളതായി രജിത് പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.