തൊടുപുഴയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് രണ്ട് പേരെ കഞ്ചാവും ആയുധങ്ങളുമായി അറസ്റ്റ് ചെയ്തത്.

തൊടുപുഴ: തൊടുപുഴയിൽ മൂന്ന് കിലോ കഞ്ചാവും ആയുധങ്ങളുമായി രണ്ടുപേർ പിടിയിൽ. ആന്ധ്രയിൽ നിന്നും വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനികളെന്നാണ് എക്സൈസ് നല്‍കുന്ന വിവരം. സംഘത്തിലുള്ള മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടങ്ങി. തൊടുപുഴയില്‍ ആന്ധ്രാ പ്രദേശില് നിന്നും വ്യാപകമായി കഞ്ചാവെത്തിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. 

കാരീക്കോട് സ്വദേശി മജീഷ് മജീദ്, ഇടവെട്ടി സ്വദേശി അൻസൽ അഷ്റഫ് എന്നിവരാണ് അറസ്റ്റിൽ ആയത്. മൂന്ന് കിലോ 250 ഗ്രാം കഞ്ചാവും ഒരു കഠാര, വടിവാള്‍, കത്തിയടക്കമുള്ള ആയുധങ്ങള്‍, കുരുമുളക് സ്പേ എന്നിവയും ഇവരില്‍ നിന്നും പിടിച്ചെടുത്തു. കഞ്ചാവ് കടത്തുമ്പോള്‍ തടയുന്നവരെ അക്രമിക്കാനാണ് ആയുധങ്ങളെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. പിടിയിലായ മജീഷ് മജീദ് സിപിഎം പ്രവർത്തകനാണെന്നാണ് വിവരം.

സംഘത്തില്‍ കുടുതല്‍ കണ്ണികളുണ്ടെന്നാണ് എക്സൈസ് നല‍്കുന്ന വിവരം. ഇരുവരുടെയും മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് കഞ്ചാവ് ലഭിച്ചത് എവിടെ നിന്നാണെന്ന് അന്വേഷിച്ച് വരികയാണെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും എക്സൈസ് അറിയിച്ചു.

Read More : പള്‍സര്‍ ബൈക്കില്‍ കറങ്ങി നടന്ന് വിദേശമദ്യ വില്‍പ്പന; 9 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍