Asianet News MalayalamAsianet News Malayalam

'ഹാജിറയുടെ വയറ്റില്‍ നിരവധി കുത്തുകള്‍, അഭയം തേടിയത് ടോയിലറ്റില്‍'; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

മരുമകള്‍ ഹസീനയെയും മൂന്നു മക്കളെയും ആക്രമിച്ച പ്രതിയെ നേരിടുന്നതിനിടെയാണ് ഹാജിറയ്ക്കും കുത്തേറ്റത്.

Udupi murder old woman saves her life by locking herself in toilet joy
Author
First Published Nov 13, 2023, 2:28 AM IST

മംഗളൂരു: ഉഡുപ്പിയില്‍ യുവാവിന്റെ ആക്രമണത്തിനിരയായ വൃദ്ധയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അന്വേഷണസംഘം. കൊല്ലപ്പെട്ട ഹസീനയുടെ ഭര്‍തൃമാതാവ് 70കാരിയായ ഹാജിറയുടെ ആരോഗ്യവസ്ഥയാണ് മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് ഉഡുപ്പി പൊലീസ് പറഞ്ഞു. മരുമകള്‍ ഹസീനയെയും മൂന്നു മക്കളെയും ആക്രമിച്ച പ്രതിയെ നേരിടുന്നതിനിടെയാണ് ഹാജിറയ്ക്കും കുത്തേറ്റത്. പ്രതി നിരവധി തവണ ഹാജിറയുടെ വയറ്റില്‍ കുത്തി. പരുക്കേറ്റിട്ടും അവശനിലയില്‍ ഹാജിറ വീട്ടിലെ ടോയിലറ്റില്‍ അഭയം തേടുകയായിരുന്നു. വാതില്‍ അകത്ത് നിന്ന് പൂട്ടിയാണ് ഹാജിറ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. 

കൊലപാതക വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വീട്ടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് ടോയ്ലറ്റ് അടച്ചിട്ടിരിക്കുന്നത് ശ്രദ്ധിച്ചത്. വാതില്‍ തുറക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ഭയന്ന ഹാജിറ മടിച്ചു. ഒടുവില്‍ പൊലീസ് വാതില്‍ ബലമായി തകര്‍ത്ത് ഹാജിറയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചികിത്സയ്ക്ക് ഒടുവില്‍ ഹാജിറയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. 


പ്രതി എത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് അന്വേഷണസംഘം

മംഗളൂരു: കര്‍ണാടക ഉഡുപ്പിയില്‍ പ്രവാസിയുടെ ഭാര്യയെയും മക്കളെയും കുത്തി കൊന്ന സംഭവത്തില്‍ പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് അന്വേഷണ സംഘം. കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതി വീട്ടിലെത്തിയതെന്നാണ് വിലയിരുത്തലെന്ന് പൊലീസ് പറഞ്ഞു. മോഷണം നടത്തുകയെന്ന ലക്ഷ്യം പ്രതിക്ക് ഉണ്ടായിരുന്നില്ല. പ്രവാസിയുടെ വീട്ടില്‍ നിന്ന് വില പിടിപ്പുള്ള വസ്തുക്കളൊന്നും മോഷ്ടിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണസംഘം അറിയിച്ചു.

ഇന്നലെ രാവിലെ 8.30നും ഒന്‍പതിനുമിടയിലാണ് സംഭവം നടന്നത്. പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്‌സാന്‍(23), അസീം(14), അയനാസ്(20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നൂര്‍ മുഹമ്മദിന്റെ മാതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

മാസ്‌ക് ധരിച്ചെത്തിയ വ്യക്തിയാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും ഉഡുപ്പി എസ്പി അരുണ്‍ കുമാര്‍ പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്തിയിട്ടില്ല.വ്യക്തിവൈരാഗ്യമാണോ കൊലപാതകത്തിന് കാരണമെന്ന് അന്വേഷിക്കുന്നുണ്ട്. ഓട്ടോ റിക്ഷയില്‍ എത്തിയ യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. മാസ്‌ക് ധരിച്ചെത്തിയ യുവാവിനെ ഹസീനയുടെ വീടിന് സമീപത്ത് ഇറക്കിയെന്ന ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്ക് വേണ്ടി അന്വേഷണം തുടരുന്നതെന്നും പൊലീസ് അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസി ടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സൗദി അറേബ്യയിലാണ് ഹസീനയുടെ ഭര്‍ത്താവ് നൂര്‍ മുഹമ്മദ് ജോലി ചെയ്യുന്നത്. വിവരം അറിഞ്ഞ അദ്ദേഹം നാട്ടിലേക്ക് തിരിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

പ്രവാസിയുടെ ഭാര്യയും മക്കളും കൊല്ലപ്പെട്ട സംഭവം: 'പ്രതി എത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ' 
 

Follow Us:
Download App:
  • android
  • ios