നഗരത്തിലെ വട്ടക്കിണര്‍ പ്രദേശത്ത് നാട്ടുകാരുടെ ഉറക്കം നഷ്ടപ്പെടുത്തി അജ്ഞാതരുടെ വിളയാട്ടം.

കോഴിക്കോട്: നഗരത്തിലെ വട്ടക്കിണര്‍ പ്രദേശത്ത് നാട്ടുകാരുടെ ഉറക്കം നഷ്ടപ്പെടുത്തി അജ്ഞാതരുടെ വിളയാട്ടം. രാത്രിയിൽ വീടുകളിലെ ജനലുകളിലും വാതിലുകളിലും തട്ടി ശബ്ദമുണ്ടാക്കി പേടിപ്പിക്കുകയാണ് ഇവരുടെ രീതി. ഈ സാമൂഹ്യ വിരുദ്ധരെ കണ്ടെത്താൻ ലോക്ഡൗൺ കാലത്ത് ഉറക്കമൊഴി‌ഞ്ഞിരിക്കുകയാണ് നാട്ടുകാർ.

കോഴിക്കോട് വട്ടക്കിണര്‍ പ്രദേശത്ത് രാത്രിയായാല്‍ യുവാക്കള്‍ ഒരേ ഇരിപ്പിലാണ്. വടിയും മറ്റുമായി ചില സംഘങ്ങള്‍ ടെറസുകള്‍ക്ക് മുകളില്‍. മറ്റ് ചിലര്‍ വീടുകള്‍ക്ക് പുറകില്‍. ഇങ്ങനെ ഉറക്കമൊഴിച്ചിരിക്കാന്‍ തുടങ്ങിയിട്ട് ദിവസം മൂന്നായി. തങ്ങളുടെ ഉറക്കം കെടുത്തി പ്രദേശത്ത് വിലസുന്ന അ‍ജ്ഞാതരെ പിടികൂടാനാണ് യുവാക്കളുടെ ഉറക്കമിളപ്പ്.

വീടുകളിലെ ജനലുകളിലും വാതിലുകളിലും മുട്ടുക, ടെറസിന് മുകളിലൂടെ നടക്കുക, മതില്‍ ചാടിമറയുക തുടങ്ങിയവയൊക്കെയാണ് അജ്ഞാരുടെ കലാപരിപാടികള്‍. കോഴിക്കോട് വട്ടക്കിണര്‍, കണ്ണഞ്ചേരി, തളിയാടത്ത്, തച്ചമ്പലം തുടങ്ങിയ പ്രദേശങ്ങളിലാണ് അജ്ഞാതരുടെ വിളയാട്ടം. ഒരു സംഘം തന്നെ ഇതിന് പിന്നിലുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം പൊലീസിനും നാട്ടുകാര്‍ക്കും പിടികൊടുക്കാതെ അജ്ഞാതരുടെ രാത്രി വിളയാട്ടം തുടരുകയാണ്.