ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ 14കാരി ആത്മഹത്യ ചെയ്തതില്‍ ദുരൂഹത. തന്നെ മൂന്ന് പേര്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് ആരോപിച്ചതിന് പിന്നാലെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച് ഇവര്‍ പ്രചരിപ്പിച്ചെന്ന് കുടുംബം ആരോപിച്ചു. വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നും കുടുംബം പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ ബുലന്ദ്ഷഹര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. 

പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ അടക്കം ചെയ്‌തെന്നും നാട്ടുകാരില്‍ ചിലര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം അറിഞ്ഞ് വീട്ടില്‍ എത്തിയതെന്നും പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞയുടന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിശദാംശങ്ങള്‍ ശേഖരിച്ചു. പ്രതികളെ ഉടന്‍ പിടികൂടും-പൊലീസ് ഉദ്യോഗസ്ഥന്‍ ഗോപാല്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. 

സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. ഉത്തര്‍പ്രദേശില്‍ ദലിതുകള്‍ക്കുനേരെ നടക്കുന്ന ക്രൂരതക്ക് അറുതിയില്ലേയെന്നും ഇത്തരം സംഭവങ്ങളില്‍ സര്‍ക്കാറിന്റെ മൗനം അവസാനിപ്പിക്കണമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികള്‍ക്കുനേരെയുള്ള അതിക്രമം വര്‍ധിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലഖിംപുര്‍ ഖേരി ജില്ലയിലും ബുലന്ദ്ഷഹറിലും കുട്ടികളുള്‍പ്പെടെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു.